ജയിക്കേണ്ടത് സ്വന്തം ശക്തി കൊണ്ട്; ഞങ്ങളെ വലിച്ചിഴയ്ക്കരുത്: മോദിക്കെതിരെ പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്:ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിനെതിരെ പാക്കിസ്ഥാന്‍ രംഗത്ത്.മോദിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും തങ്ങളെ അനാവശ്യവിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നുമാണ് ആരോപണത്തോട് പാക്കിസ്ഥാന്‍ പ്രതികരിച്ചത്.

‘തിരഞ്ഞെടുപ്പ് വിവാദങ്ങളിലേക്ക് പാകിസ്താനെ വലിച്ചിഴയ്ക്കുന്നത് ഇന്ത്യ അവസാനിപ്പിക്കണം. പാര്‍ട്ടികള്‍ വിജയം നേടേണ്ടത് അവരവരുടെ ശക്തി കൊണ്ടാണ്. അല്ലാതെ മെനഞ്ഞുണ്ടാക്കിയ ഗൂഢാലോചനകളിലൂടെയാവരുത്. അവ തീര്‍ത്തും അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമാണ്.’ പാകിസ്താന്‍ വിദേശകാര്യമന്ത്രാലയ വക്താവ് ഡോ.മുഹമ്മദ് ഫൈസല്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. പാകിസ്താന്‍ പ്രതിനിധികളുമായി കോണ്‍ഗ്രസ് രഹസ്യകൂടിക്കാഴ്ച്ച നടത്തിയെന്ന മോദിയുടെ ആരോപത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അഹമ്മദ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകണമെന്ന മുന്‍ പാകിസ്താന്‍ സൈനികമേധാവി സര്‍ദാര്‍ അര്‍ഷദ് റാഫികിന്റെ ഫെയ്സ്ബുക് പോസ്റ്റിനെക്കുറിച്ച് മോദി പരാമര്‍ശിച്ചത് വിവാദമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നുണ്ടെന്ന് ബി.ജെ.പി ആരോപിച്ചത്. മണിശങ്കര്‍ അയ്യരുടെ വസതിയില്‍ വച്ച് പാക്കിസ്ഥാന്‍ പ്രതിനിധികളുമായി കോണ്‍ഗ്രസ് രഹസ്യകൂടിക്കാഴ്ച്ച നടത്തിയെന്നും മോദി ആരോപിച്ചിരുന്നു.