ദളിത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ശ്രമം; കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

തിരുവനന്തപുരം സ്വദേശിനിയായ ദളിത് വിദ്യാര്‍ഥിനി ബഹുനില കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പാളിനെ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം രാത്രി കോയമ്പത്തൂരില്‍ വച്ചാണ് കോളേജ് പ്രിന്‍സിപ്പല്‍ ദീപയെ പോലീസ് അറസ്റ്റ് ചെയ്തത്.ഇവരിപ്പോള്‍ മലപ്പുറം ഡി.വൈ.എസ്.പി ഓഫീസിലാണുള്ളത്.ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു.സംഭവുമായി ബന്ധപ്പെട്ട് നേരത്തെ പോലീസ് പിടിയിലായ കോളേജ് വിദ്യാര്‍ത്ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിദ്യയെ പോലീസ് പിടികൂടിയത്.

കഴിഞ്ഞ മുപ്പത്തിനാല് തിരുവനന്തപുരം മരുതുംകുഴി സ്വദേശി ആതിരയായിരുന്നു കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.എന്നാല്‍ ഇത് ആത്മഹത്യ ശ്രമം അല്ലെന്നും സഹപാഠികളുടെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണതാണെന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞിരുന്നത്. പെണ്‍കുട്ടി പഠിക്കുന്ന സ്ഥാപനത്തിന്റെ അനുവാദത്തോടെ സഹപാഠികള്‍ തന്റെ മകളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ആതിരയുടെ അമ്മ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സംഭവത്തിന്റെ അന്ന് തന്നെ ഈ പെണ്‍കുട്ടികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു എങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല.തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനിനുള്ള ഐ.പി.എം.എസ് ഏവിയേഷന്‍ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയാണ് ആതിര. കരിപ്പൂരില്‍ പരിശീലനത്തിന് പോയ വിദ്യാര്‍ഥിനി ഇവിടെയുള്ള ന്യൂമാന്‍ ലോഡ്ജിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.