വിരമിച്ചെങ്കിലും ക്രിക്കറ്റിനെ വിട്ടുപിരിയാതെ ആശിഷ് നെഹ്‌റ; റോയല്‍ ചലഞ്ചേഴ്‌സ് ടീമില്‍ പുതിയ വേഷത്തില്‍ നെഹ്‌റ തിരിച്ചെത്തുന്നു

മുംബൈ:അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ച ഇടം കൈയ്യന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂരുവിന്റെ മെന്റര്‍ വേഷത്തില്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു.ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷത്തെ വിലക്കിനുശേഷം തിരിച്ചെത്തുന്ന രാജസ്ഥാന്‍ റോയല്‍സും നെഹ്‌റയെ സമീപിച്ചതായി വിവരമുണ്ട്.

അതേസമയം വിരാട് കൊഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനൊപ്പം നെഹ്‌റ ചേര്‍ന്നേക്കുമെന്നാണ് സൂചന. നെഹ്‌റയുടെ പുതിയ വേഷം ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.ഇന്ത്യന്‍ ക്രിക്കറ്റില്‍ 19 വര്‍ഷത്തോളം നിറഞ്ഞ് നിന്ന നെഹ്‌റ ഐ.പി.എല്ലില്‍ സണ്‍റൈസസ് ഹൈദരാബാദിന്റെ താരമായിരുന്നു.
മുപ്പത്തിയെട്ടുകാരനായ നെഹ്‌റ ന്യൂസീലന്‍ഡുമായി ഡല്‍ഹി ഫിറോസ്ഷാ കോട്‌ലയില്‍ നടന്ന ട്വന്റി-20 മല്‍സരത്തോടെയാണ് രാജ്യാന്തര ക്രിക്കറ്റില്‍നിന്നും വിരമിച്ചത്.

ഐ.പി.എല്ലില്‍ മികച്ച റെക്കോര്‍ഡുള്ള നെഹ്‌റ ചെന്നൈ സൂപ്പര്‍ കിങ്സ് താരമായിരുന്നു.എന്നാല്‍ ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് ചെന്നൈയ് ടീമിനെ സസ്പെന്‍ഡ് ചെയ്ത ശേഷം നെഹ്‌ററ ഹൈദരാബാദിനൊപ്പം ചേരുകയായിരുന്നു.