രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ്;ഇന്ത്യക്ക് വിജയം അനിവാര്യം

മൊഹാലി:ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ നിര്‍ണായകമായ രണ്ടാം മല്‍സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ തിസാര പെരേര ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ധരംശാലയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ദയനീയ തോല്‍വി വഴങ്ങിയ ഇന്ത്യയ്ക്ക് പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ന് വിജയം അനിവാര്യമാണ്.

ഇന്ത്യന്‍ നിരയില്‍ തമിഴ്‌നാടിന്റെ യുവതാരം വാഷിങ്ടന്‍ സുന്ദര്‍ ഇന്ന് ഏകദിന അരങ്ങേറ്റം കുറിക്കും. കുല്‍ദീപ് യാദവിനു പകരമാണ് സുന്ദറിന്റെ വരവ്. ആദ്യ മല്‍സരത്തില്‍ പുറത്തിരുന്ന അജിങ്ക്യ രഹാനയെ രണ്ടാം മത്സരത്തിലും ഉള്‍പ്പെടുത്തിയിട്ടില്ല.ശ്രീലങ്കന്‍ നിരയിലും ആദ്യ ഏകദിനത്തില്‍ കളിച്ച ടീമിനെ നിലനിര്‍ത്തി.

ഏകദിനറാങ്കിങ്ങിലെ ഒന്നാം സ്ഥാനം ലക്ഷ്യമാക്കി ആദ്യമത്സരത്തിനിറങ്ങിയ ടീം ഇന്ത്യ ലങ്കയ്ക്കുമുന്നില്‍ തകര്‍ന്നടിയുന്ന കാഴ്ചയായിരുന്നു ധരംശാലയില്‍ കണ്ടത്. മഹേന്ദ്രസിങ് ധോണിയൊഴികെയുള്ള എല്ലാവരും നിരാശപ്പെടുത്തിയ മല്‍സരം ആരാധകരിലുണ്ടാക്കിയ ആശങ്ക പരിഹരിക്കുന്നതിനും വിജയ വഴിയില്‍ തിരിച്ചെത്തുന്നതിനും രോഹിത് ശര്‍മ്മ നയിക്കുന്ന ടീം ഇന്ന് മൊഹാലിയിലിറങ്ങുമ്പോള്‍ വിജയത്തില്‍കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. കാരണം, മൂന്നു മല്‍സരങ്ങളുള്ള പരമ്പരയില്‍ ഇന്നുകൂടി വിജയിക്കാനായാല്‍ ലങ്ക പരമ്പര സ്വന്തമാക്കും.

ഇന്ത്യയ്ക്കുവേണ്ടി കൂടുതല്‍ ഏകദിനം കളിച്ചവരില്‍ സൗരവ് ഗാംഗുലിയുടെ നേട്ടത്തിനൊപ്പം ധോണിയെത്തും എന്നതും ഇന്നത്തെ മല്‍സരത്തിന്റെ പ്രത്യേകതയാണ്. ഇന്നത്തേത് ധോണിയുടെ 311-ാം മല്‍സരമാണ്. 463 ഏകദിനം കളിച്ച സച്ചിന്റെ പേരിലാണ് റെക്കോര്‍ഡ്.