ജിഷ കൊലക്കേസ്:വാദം പൂര്‍ത്തിയായി, ശിക്ഷ നാളെ വിധിക്കും

കൊച്ചി:പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ ശിക്ഷ നാളെ വിധിക്കും.കേസില്‍ ഇരു ഭാഗങ്ങളുടെറ്റിഎം വാദം പൂര്‍ത്തിയായി.സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന പ്രതി അമീറുല്‍ ഇസ്‌ലാമിന്റെ ആവശ്യം വിചാരണക്കോടതി തള്ളി. അസം സ്വദേശിയായ അമീറിന് പൊലീസിന്റെ ചോദ്യം ചെയ്യലുകള്‍ മനസ്സിലായില്ലെന്ന് അഭിഭാഷകന്‍ കോടതിയില്‍ നിലപാടെടുത്തു. എന്നാല്‍ ശിക്ഷാവിധിയെക്കുറിച്ചു മാത്രം പറഞ്ഞാല്‍ മതിയെന്ന് അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി.

അമീറുല്‍ ഇസ്ലാമില്‍നിന്ന് നേരിട്ടു മൊഴിയെടുക്കുകയാണ് കോടതി. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അമീര്‍ കോടതിയെ അറിയിച്ചു. ജിഷയെ അറിയില്ല. കേസിനുപിന്നില്‍ ഭരണകൂട താല്‍പര്യമാണ്. പൊലീസ് ഭരണകൂട താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചു.മാതാപിതാക്കളെ കാണാന്‍ അനുവദിക്കണമെന്നും അമീറുല്‍ കോടതിയോട് ആവശ്യപ്പെട്ടു.

ഭാര്യയും മക്കളും ഉണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഒരു കുട്ടിയുണ്ടെന്നായിരുന്നു അമീറിന്റെ മറുപടി. രാവിലെ കോടതിയില്‍ ഹാജരാക്കുമ്പോഴും ജിഷയെ കൊലപ്പെടുത്തിയത് താനല്ലെന്ന് അമീറുല്‍ പറഞ്ഞിരുന്നു.ആരാണ് കൊലപ്പെടുത്തിയതെന്ന് തനിക്ക് അറിയില്ലെന്നും അമീറുല്‍ നിലപാടെടുത്തു.

വാദിഭാഗം വാദങ്ങള്‍
കേസ് അസാധാരണമാണെന്നും നിര്‍ഭയ കേസിനു സമാനമാണെന്നും വാദിഭാഗം അഭിഭാഷകന്‍ പറഞ്ഞു. നിര്‍ഭയ കേസിലും പ്രതിക്ക് പ്രായം കുറവായിരുന്നു. പ്രതിക്ക് പ്രായത്തിന്റെ ഇളവു നല്‍കേണ്ടതില്ല. കൊലയും അതിക്രൂരപീഡനവും തെളിഞ്ഞു. ഇത്തരക്കാര്‍ സഹതാപം അര്‍ഹിക്കുന്നില്ല. വധശിക്ഷ തന്നെ നല്‍കണം. അമീറിന് ചെയ്ത കുറ്റത്തില്‍ പശ്ചാത്താപമില്ല. പശ്ചാത്താപം ഇല്ലാത്തതിനാലാണ് തുടരന്വേഷണം ആവശ്യപ്പെടുന്നത്. ജിഷയുടെ കുടംബത്തിനു മതിയായ നഷ്ടപരിഹാരം വേണം.

പ്രതിഭാഗം വാദം
നിര്‍ഭയ കേസിനു സമാനമല്ല ജിഷയുടെ കേസെന്നും ഇതില്‍ ദൃക്‌സാക്ഷിയില്ലെന്നും ഊഹാപോഹങ്ങള്‍ കണക്കിലെടുത്ത് ശിക്ഷിക്കരുത്.

സംഭവത്തില്‍ അമീറുല്‍ കുറ്റക്കാരനാണെന്നു വിചാരണ കോടതി ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. മരണംവരെ ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണു പ്രതിക്കെതിരെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയത്.ജിഷയുടെ വീടിനു സമീപത്തെ വാടകക്കെട്ടിടത്തില്‍ കഴിഞ്ഞിരുന്ന പ്രതി 2016 ഏപ്രില്‍ 28നു കൊല നടത്തിയെന്നാണു കേസ്.

ദേഷ്യം ശമിക്കാതെ സ്വകാര്യ ഭാഗങ്ങള്‍ കത്തികൊണ്ടു മുറിവേല്‍പ്പിച്ചു. ഡിഎന്‍എ പരിശോധനാ ഫലങ്ങളുടെയും ഫൊറന്‍സിക് റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ അമീറിനെതിരായ കുറ്റങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി.