രാമസേതു മനുഷ്യ നിര്‍മ്മിതം ; തെളിവുകള്‍ നിരത്തി അമേരിക്കന്‍ സയന്‍സ് ചാനല്‍

രാവണന്റെ പിടിയില്‍ അകപ്പെട്ട സീതാ ദേവിയെ രക്ഷിക്കാന്‍ ലങ്കയില്‍ എത്തുവാന്‍ വേണ്ടി ശ്രീരാമന്‍ നിര്‍മ്മിച്ചത് എന്ന് പറയപ്പെടുന്ന രാമസേതു മനുഷ്യ നിര്‍മ്മിതം തന്നെയന്ന തെളിവുകളുമായി അമേരിക്കന്‍ സയന്‍സ് ചാനല്‍. ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിലാണ് രാമസേതു സ്ഥിതിചെയ്യുന്നത്. ചാനല്‍ റിലീസ് ചെയ്ത പ്രമോഷണല്‍ വീഡിയോയില്‍ രാമസേതു സ്വാഭാവികമായി രൂപപ്പെട്ടതല്ലെന്നും മനുഷ്യ നിര്‍മിതിയാണെന്നും വിശദീകരിക്കുന്നുണ്ട്. ഹിന്ദു വിശ്വാസപ്രകാരമുള്ള രാമസേതു സത്യമാണോയെന്ന ചോദ്യമാണ് പ്രമോ ഉന്നയിക്കുന്നത്. രാമസേതു സത്യമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നതെന്നും പ്രമോ വീഡിയോ വിശദമാക്കുന്നു. രാമസേതുവില്‍ കാണപ്പെടുന്ന പാറക്കഷണങ്ങള്‍ അതില്‍ കാണുന്ന മണലിനേക്കാള്‍ പഴയതാണെന്നും സേതുവിലെ പാറകള്‍ക്കിടയില്‍ പിന്നീട് മണല്‍ അടിഞ്ഞുകൂടിയതാണെന്നുമാണ് വീഡിയോ പറയുന്നത്. രാമസേതുവിലെ പാറകള്‍ക്ക് 7000 വര്‍ഷത്തെ പഴക്കമുണ്ട്. എന്നാല്‍ അതിനുമുകളില്‍ കാണപ്പെടുന്ന മണലിന് 4,000 വര്‍ഷത്തെ പഴക്കമേയുള്ളുവെന്നും വീഡിയോയില്‍ ചൂണ്ടിക്കാട്ടുന്നു. 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിക്കപ്പെട്ടതാകാമെന്നും ഇക്കാലത്ത് ഇത്തരത്തില്‍ പാലം പണിയല്‍ ഒരു അതിമാനുഷ കൃത്യമായി തോന്നാമെന്നും വീഡിയോ പറയുന്നു. മുപ്പത് മൈല്‍ നീളത്തിലാണ് രാമസേതു നിലനില്‍ക്കുന്നത്.