രോഹിതിന് മൂന്നാം ഡബിള്‍ സെഞ്ച്വറി;ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

മൊഹാലി:ആദ്യ പരാജയത്തിന് പകരംചോദിക്കാനിറങ്ങിയ ഇന്ത്യയെ ക്യാപറ്റന്‍ രോഹിത് ശര്‍മ്മ തന്റെ മൂന്നാം ഡബിള്‍ സെഞ്ച്വറി നേട്ടത്തോടെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍.ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 50 ഓവറില്‍ 392 റണ്‍സെടുത്തു.താല്‍ക്കാലിക ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ(208)തകര്‍പ്പന്‍ സെഞ്ച്വറിയും ഓപ്പണര്‍ ശിഖര്‍ ധവാന്‍(68), ശ്രേയസ് അയ്യര്‍(88) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളുമാണ് ഇന്ത്യയുടെ കുതിപ്പിന് ഊര്‍ജ്ജമായത്.

കഴിഞ്ഞ മത്സരത്തില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ബാറ്റിംഗ് നിര പക്ഷെ, ഇന്നത്തെ മത്സരത്തില്‍ ശരിക്കും വിശ്വരൂപം പുറത്തെടുത്തു.വിജയം അനിവാര്യമായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത് നാലു വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സ്. ക്യാപ്റ്റന്റെ ഇന്നിങ്‌സുമായിലങ്കന്‍ ബൗളിംഗ് നിറയെ അടിച്ചു പരത്തിയ രോഹിതിനു തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുമായി പിന്തുണ നല്‍കിയ ഓപ്പണര്‍ ശിഖര്‍ ധവാന്‍ (68), ശ്രേയസ് അയ്യര്‍ (88) എന്നിവരും മല്‍സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തു.153 പന്തില്‍ 13 ബൗണ്ടറികളും 12 സിക്‌സും ഉള്‍പ്പെടുന്നതാണ് രോഹിതിന്റെ മൂന്നാം ഏകദിന ഇരട്ടസെഞ്ചുറി.

നിലയുറപ്പിക്കാന്‍ അല്‍പം വൈകിയെങ്കിലും പിന്നീട് തകര്‍ത്തടിച്ച രോഹിതും ധവാനും അനായാസം ഇന്ത്യന്‍ സ്‌കോര്‍ 100 കടത്തി. രോഹിത് കൂടുതല്‍ ശ്രദ്ധയോടെ കളിച്ചപ്പോള്‍ ധവാന്‍ ആക്രമിക്കാനുള്ള മൂഡിലായിരുന്നു. 67 പന്തില്‍ ഒന്‍പതു ബൗണ്ടറികളോടെ 68 റണ്‍സെടുത്ത ധവാന്‍ പതിരണയുടെ പന്തില്‍ തിരിമാന്നെയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 115.

രാജ്യാന്തര കരിയറിലെ രണ്ടാം ഏകദിനം കളിക്കുന്ന ശ്രേയസ് അയ്യര്‍ മികച്ച പിന്തുണ നല്‍കിയതോടെ രോഹിത് കൂടുതല്‍ അപകടകാരിയായി. അനായാസം ബൗണ്ടറികള്‍ വാരിക്കൂട്ടി ശ്രേയസും മോശമാക്കിയില്ല. രണ്ടാം വിക്കറ്റിലും സെഞ്ചുറി കൂട്ടുകെട്ടു തീര്‍ത്ത ഇരുവരും 25.2 ഓവര്‍ ക്രീസില്‍ നിന്ന് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിലേക്ക് ഒഴുക്കിയത് 213 റണ്‍സ്. 70 പന്തില്‍ ഒന്‍പതു ബൗണ്ടറിയും രണ്ടു സിക്‌സും രഹിതം 88 റണ്‍സെടുത്ത ശ്രേയസ് അയ്യരെ ക്യാപ്റ്റന്‍ തിസാര പെരേര മടക്കിയെങ്കിലും രോഹിത് ആക്രമണം തുടര്‍ന്നു.

ഒരറ്റത്ത് മഹേന്ദ്രസിങ് ധോണി (അഞ്ചു പന്തില്‍ ഏഴ്), ഹാര്‍ദിക് പാണ്ഡ്യ (അഞ്ചു പന്തില്‍ എട്ട്) എന്നിവര്‍ വന്നപോലെ മടങ്ങിയിട്ടും ഇതൊന്നും രോഹിതിനെ ബാധിച്ചില്ല. 50 ഓവറു അവസാനിക്കുമ്പോള്‍ 153 പന്തില്‍ 13 ബൗണ്ടറിയും 12 സിക്‌സും സഹിതം 208 റണ്‍സുമായി രോഹിത് പുറത്താകാതെ നിന്നു.