ഡോ. രാജേന്ദ്ര രാജ്മനെ (51) മന്‍ഹാട്ടനില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പി.പി. ചെറിയാന്‍

ന്യൂയോര്‍ക്ക്: ബ്രൂക്ക് ലിന്‍ NYU Langone ആശുപത്രിയിലെ ചീഫ് പള്‍മണോളജിസ്റ്റ് ഡോ. രാജേന്ദ്ര രാജ്മനെ (51) പാര്‍ക്ക് അവന്യൂവിലെ സ്വവസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഡിസംബര്‍ 13-നു ബുധനാഴ്ച അറിയിച്ചു.

സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ന്യൂയോര്‍ക്ക് പോലീസുമായി ബന്ധപ്പെടണമെന്നു ചീഫ് ഓഫ് ഡിറ്റക്ടീവ് റോബര്‍ട്ട് വോയ്സ് അറിയിച്ചു.

റ്റിറ്റ്സി അപ്പാര്‍ട്ട്മെന്റില്‍ ചൊവ്വാഴ്ച രാവിലെ 9.30-നാണ് മൃതദേഹം കണ്ടെത്തിയത്.

ഹെറോയിന്‍ അംശങ്ങള്‍ അടങ്ങിയ നിരവധി എന്‍വലപ്പുകള്‍ മൃതദേഹത്തിനു സമീപത്തുനിന്നും കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ആശുപത്രിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നു സഹപ്രവര്‍ത്തകര്‍ ഡോക്ടര്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ എത്തി മെയിന്റനന്‍സ് ജോലിക്കാരനെക്കൊണ്ട് വാതില്‍ തുറന്നപ്പോള്‍ ബെഡില്‍ മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമെങ്കിലും ഉണ്ടാകുമെന്നാണു കരുതുന്നത്.

ചിക്കാഗോ യൂണിവേഴ്സിറ്റി, ജെഫേഴ്സണ്‍ മെഡിക്കല്‍ കോളജ് എന്നിവടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ഡോക്ടര്‍ ന്യൂയോര്‍ക്കിലെ അറിയപ്പെടുന്ന പള്‍മണോളജിസ്റ്റാണ്.