വയോധിക മരിച്ചുകിടന്ന ഒറ്റമുറി ഷെഡില്‍ പണത്തിന്റെ വന്‍ കലവറ

ആലപ്പുഴയില്‍ ഭിക്ഷയെടുത്ത് താമസിക്കുകയായിരുന്ന വയോധിക താമസിച്ചിരുന്ന ഷെഡില്‍നിന്നും അവര്‍ മരിച്ചതിനുശേഷം കണ്ടെത്തിയത് പണത്തിന്റെ വന്‍ ശേഖരം. കലവൂര്‍ചെട്ടികാട് പള്ളിപ്പറമ്പില്‍ ചാച്ചി എന്ന് വിളിക്കുന്ന റോസമ്മ (68)യുടെ ഷെഡ്ഡില്‍നിന്നാണ് പണം കണ്ടെടുത്തിരിക്കുന്നത്. നാണയങ്ങളും നോട്ടുകളുമടക്കം ലക്ഷങ്ങള്‍ ഉണ്ടെന്നാണ് നിഗമനം. പോലീസും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പണം എണ്ണിത്തീര്‍ന്നിട്ടില്ല. കേടുപാടുകള്‍ പറ്റിയ കറന്‍സികളുമുണ്ട് ഈകൂട്ടത്തില്‍. പോലീസിന്റെയും പഞ്ചായത്ത് അംഗം ആലീസ് സന്ധ്യാവിന്റെയും സാന്നിധ്യത്തില്‍ ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് പണം എണ്ണിത്തിട്ടപ്പെടുത്തിവരികയാണ്.

ബന്ധുക്കളും നാട്ടുകാരുമാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് റോസമ്മയെ മരിച്ചനിലയില്‍ കാണുന്നത്. രണ്ടുദിവസമായി ഇവരെ പുറത്തേക്ക് കാണാതെവന്നപ്പോള്‍ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ഷെഡ്ഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഷെഡ്ഡിലെ ചവറുകള്‍ക്കിടയില്‍ ടിന്നുകളിലടച്ചനിലയിലാണ് പണം ശ്രദ്ധയില്‍പ്പെട്ടത്.

അവിവാഹിതയായ റോസമ്മ പത്തുവര്‍ഷമായി ഒറ്റയ്ക്കാണ് ഷീറ്റ് മേഞ്ഞ ഷെഡ്ഡില്‍ താമസിച്ചിരുന്നത്. ഇവര്‍ ആരെയും താമസസ്ഥലത്തേക്ക് അടുപ്പിക്കാറില്ലായിരുന്നുവെന്ന് സഹോദരങ്ങളായ വര്‍ഗീസും സിസിലിയും പറഞ്ഞു. മുറി മുഴുവന്‍ ചപ്പുചവറുകളാണ്. ഇവയ്ക്കിടയിലാണ് ടിന്നുകളിലാക്കി പണം സൂക്ഷിച്ചിരുന്നത്. 30 രൂപ വീതം പേപ്പറുകളില്‍ പൊതിഞ്ഞാണ് ടിന്നുകളിലാക്കിയിരുന്നത്. ഇങ്ങനെ നിരവധി ടിന്നുകള്‍ ചവറുകള്‍ക്കിടയില്‍നിന്ന് കണ്ടെത്തി.

എണ്ണിത്തിട്ടപ്പെടുത്തിയതിനുശേഷം പണം ബന്ധുക്കള്‍ക്കുതന്നെ നല്‍കുമെന്ന് ആലപ്പുഴ നോര്‍ത്ത് സി.ഐ. ജി.സന്തോഷ്‌കുമാര്‍ അറിയിച്ചു.