ഉത്തര കൊറിയന്‍ വിഷയത്തില്‍ യുദ്ധമല്ല, ചര്‍ച്ചയാണ് ആവശ്യമെന്ന് ചൈന

ബെയ്ജിങ്:ഉത്തര കൊറിയയുമായുള്ള ആയുധ പരിപാടികള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതാണെന്ന് ചൈന. യുദ്ധത്തിലൂടെയല്ല പ്രശ്‌ന പരിഹാരം കാണേണ്ടതെന്നും ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് കൂട്ടിച്ചേര്‍ത്തു. കലാപത്തിലേക്ക് ഉറക്കത്തില്‍ നടക്കുന്ന പോലെയാണ് ഉത്തര കൊറിയയുടെ ആയുധപരിശീലനമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടേര്‍സിന്റെ മുന്നറിയിപ്പിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ഉത്തര കൊറിയയുടെ സ്വഭാവം മെച്ചപ്പെടുന്നതുവരെ ഉടമ്പടികള്‍ വച്ചുള്ള ചര്‍ച്ചക്ക് തയ്യാറല്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. മുന്‍വിധികളില്ലാതെയുള്ള ചര്‍ച്ചയ്ക്കു തയാറാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്ണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ടില്ലേഴ്‌സണിന്റെ നിലപാട് ഉത്തര കൊറിയയോടുള്ള നല്ല സൂചനയാണെന്നു റഷ്യന്‍ പ്രസിഡന്റ് വാള്‍ഡിമര്‍ പുടിന്‍ പ്രതികരിച്ചു. ഉത്തര കൊറിയ മറ്റു രാജ്യങ്ങള്‍ക്കുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും എടുക്കേണ്ട നടപടികളെക്കുറിച്ചും പുടിനും ഡോണള്‍ഡ് ട്രംപും ചര്‍ച്ച ചെയ്തിരുന്നു.

ന്യൂയോര്‍ക്കില്‍ ചേരുന്ന യു.എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ കൈവശമുള്ള ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ ഉത്തര കൊറിയയെ പ്രേരിപ്പിക്കണമെന്ന് ഇതരരാജ്യങ്ങളോട് ആഹ്വാനം ചെയ്യും. നവംബര്‍ 29-ന് ഉത്തരകൊറിയ ഏറ്റവും ശക്തിയാര്‍ന്ന ആണാവായുധം പരീക്ഷിച്ചിരുന്നു. അമേരിക്കയടക്കമുള്ള പ്രദേശങ്ങള്‍ പരിധിയില്‍ വരുന്ന ആയുധമാണ് ഉത്തരകൊറിയ പരീക്ഷിച്ചത്.