പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്നു തുടക്കം

ന്യൂഡല്‍ഹി:പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്നു തുടക്കം. ജനുവരി അഞ്ചിനു സമാപിക്കുന്ന സമ്മേളനത്തിന്റെ പൊതുസ്വഭാവം നിര്‍ണയിക്കുക തിങ്കളാഴ്ച വരാനിരിക്കുന്നഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പു ഫലമായിരിക്കും. ഭരണ, പ്രതിപക്ഷങ്ങള്‍ക്കു ഗുജറാത്ത് ഫലം ഒരുപോലെ നിര്‍ണായകം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസിന്റെ നിയുക്ത പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണു പ്രചാരണസമയത്തു കണ്ടത്.

സ്വന്തം തട്ടകത്തില്‍ ജയം പ്രധാനമന്ത്രി മോദിക്ക് അഭിമാനപ്രശ്‌നമാണ്; ചുവടുപിഴച്ചാല്‍ അപകടകരവും. ഒരു മാസത്തിലേറെയായി മുഴുവന്‍സമയ പ്രചാരണത്തിലായിരുന്നു രാഹുല്‍ ഗാന്ധി. പട്ടേല്‍-പിന്നാക്ക-ദലിത് ധാരണ രൂപപ്പെടുത്താനായതിനാല്‍ നില മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുണ്ട്. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ഐക്യനിരയ്ക്കു രൂപംനല്‍കാനിരിക്കുന്ന പ്രതിപക്ഷത്തിനാകെയും ഫലം നിര്‍ണായകം. വിലക്കയറ്റം, തൊഴിലില്ലായ്മ, പ്രകൃതിദുരന്തങ്ങള്‍, സ്വകാര്യവല്‍ക്കരണം, പാക്കിസ്ഥാന്‍ ബന്ധം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ക്കൊപ്പം ഒട്ടേറെ ബില്ലുകളും സമ്മേളനത്തിന്റെ പരിഗണനയ്‌ക്കെത്തും. ഓഖി ദുരന്തവും ദുരിതാശ്വാസവും കേരളം മുഖ്യവിഷയമായി ഉയര്‍ത്തും. ലോക്‌സഭ ഇന്ന് അനുശോചന പ്രമേയം അവതരിപ്പിച്ചു പിരിയും.

ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട വിവാദ എഫ്ഡിആര്‍ഐ ബില്ല് സമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്‌ക്കെത്തും. സാധാരണക്കാരുടെ നിക്ഷേപങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും എന്നതടക്കമുള്ള പ്രചാരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപിക്കുന്നത് ആശങ്ക പടര്‍ത്തിയിട്ടുണ്ട്. പ്രവാസി വോട്ടവകാശ, മുത്തലാഖ് നിരോധന ബില്ലുകള്‍ സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ പരിഗണനയ്ക്ക് എത്തിയേക്കും. സാമൂഹിക- രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നതാണ് ഇരു ബില്ലുകളും.