രണ്ടാം ഇരട്ട സെഞ്ച്വറിയടിച്ച് സ്മിത്തിന്റെ ഉശിരന്‍ പ്രകടനത്തില്‍ ലീഡ് നേടി ഓസിസ്;കന്നി സെഞ്ച്വറി നേടി ഒട്ടും മോശമാകാതെ മിച്ചല്‍ മാര്‍ഷ്

പെര്‍ത്ത്: ടെസ്റ്റ് കരിയറിലെ രണ്ടാം ഇരട്ടസെഞ്ചുറിയുമായി ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് കത്തികയറിയപ്പോള്‍ കന്നി ടെസ്റ്റ് സെഞ്ചുറിയടിച്ച് മിച്ചല്‍ മാര്‍ഷ് മികച്ച പിന്തുണ നല്‍കിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസ് കൂറ്റന്‍ സ്‌കോറിലേക്ക്. 403 റണ്‍സെടുത്ത ഇംഗ്ലണ്ടിനെതിരെ 133 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ നാലിന് 539 റണ്‍സ് എന്ന നിലയിലാണ്. സ്മിത്ത് 221റണ്‍സോടെയും മിച്ചല്‍ മാര്‍ഷ് 179 റണ്‍സോടെയും ക്രീസില്‍ നില്‍ക്കുമ്പോള്‍ ഓസീസിന് ഇപ്പോള്‍ 137 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുണ്ട്.

മൂന്നു വിക്കറ്റു നഷ്ടത്തില്‍ 203 എന്ന നിലയില്‍ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഓസീസിനായി തകര്‍പ്പന്‍ പ്രകടനമാണ് സ്മിത്ത് പുറത്തെടുത്തത്. 22-ാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയ സ്മിത്ത് നേരെ ഗിയര്‍ രണ്ടാം ഇരട്ടസെഞ്ചുറിയിലേക്ക് നീട്ടി.

സ്‌കോര്‍ 248-ല്‍ നില്‍ക്കെ ഷോണ്‍ മാര്‍ഷിനെ നഷ്ടമായെങ്കിലും മിച്ചല്‍ മാര്‍ഷിനെ കൂട്ടുപിടിച്ച് സ്മിത്ത് സ്‌കോറുയര്‍ത്തി. 75 പന്തുകള്‍ നേരിട്ട ഷോണ്‍ മാര്‍ഷ്, നാലു ബൗണ്ടറി ഉള്‍പ്പെടെ 28 റണ്‍സെടുത്ത് പുറത്തായി. മൊയിന്‍ അലിക്കായിരുന്നു വിക്കറ്റ്. പിന്നീടെത്തിയ മിച്ചല്‍ മാര്‍ഷിനെ കൂട്ടുപിടിച്ച സ്മിത്ത് ഓസീസ് സ്‌കോറുയര്‍ത്തി. ക്യാപ്റ്റനെന്ന നിലയിലുള്ള ആദ്യ ഇരട്ടസെഞ്ചുറി പൂര്‍ത്തിയാക്കിയ സ്മിത്ത് തുടര്‍ച്ചയായി നാലു കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റില്‍ 1000 റണ്‍സ് പിന്നിടുന്ന താരവുമായി. 2001-2005 കാലഘട്ടത്തില്‍ അഞ്ചു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് നേട്ടം പിന്നിട്ട മാത്യു ഹെയ്ഡനു ശേഷം ഈ നേട്ടത്തിലേക്കെത്തുന്ന ആദ്യ താരമാണ് സ്മിത്ത്. 108-ാം ഇന്നിങ്‌സില്‍ 22-ാം സെഞ്ചുറി കുറിച്ച സ്മിത്ത് ഏറ്റവും കുറഞ്ഞ ഇന്നിങ്‌സുകളില്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമാണ്. ബ്രാഡ്മാന്‍ (58), സുനില്‍ ഗാവസ്‌കര്‍ (101) എന്നിവര്‍ മാത്രമാണ് ഇക്കാര്യത്തില്‍ സ്മിത്തിനു മുന്നിലുള്ളത്. ഇതുവരെ 194 പന്തുകള്‍ നേരിട്ട മാര്‍ഷ് 25 ബൗണ്ടറി ഉള്‍പ്പെടെയാണ് 150 റണ്‍സെടുത്തത്.

നേരത്തെ, സ്വപ്നതുല്യമായ തുടക്കം വിക്കറ്റുകള്‍ വലിച്ചെറി?ഞ്ഞ് നശിപ്പിച്ച ഇംഗ്ലണ്ട്, അവസാന ആറു വിക്കറ്റുകള്‍ വെറും 35 റണ്‍സിനു നഷ്ടപ്പെടുത്തി 403 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. നാലിന് 305 എന്ന നിലയില്‍ രണ്ടാംദിനം കളിയാരംഭിച്ച ഇംഗ്ലണ്ടിനായി ആദ്യ സെഷനില്‍ത്തന്നെ ജോണ്‍ ബെയര്‍‌സ്റ്റോവ് (119) സെഞ്ചുറി തികച്ചു. പരമ്പരയില്‍ ഒരു ഇംഗ്ലണ്ട് താരത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്.സ്‌കോര്‍ 368-ല്‍ നില്‍ക്കെ നിര്‍ണായക കൂട്ടുകെട്ടു പൊളിച്ച നഥാന്‍ ലയണ്‍ ഡേവിഡ് മിലാനെ പുറത്താക്കി (140). 227 പന്തുകളില്‍ 19 ഫോറുകളുമായി ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ നെടുന്തൂണായ ഡേവിഡ് മിലാന്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബിനു ക്യാച്ച് നല്‍കിയാണു പുറത്തായത്. ഇംഗ്ലണ്ടിന്റെ തകര്‍ച്ചയുടെ തുടക്കവും അതായിരുന്നു.