ഓസ്ട്രിയയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് ധാരണ: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നേതാവായി സെബാസ്റ്റ്യന്‍ കുര്‍ത്സ് രാജ്യത്തിന്റെ ചാന്‍സലര്‍ സ്ഥാനത്തേയ്ക്ക്


വിയന്ന: 2017 ഒക്ടോബര്‍ 15ന് നടന്ന തെരഞ്ഞെടുപ്പില്‍ നാല്‍പ്പതു വര്‍ഷത്തെ ചരിത്രത്തില്‍ ഓസ്ട്രിയന്‍ ജനാധിപത്യ-സോഷ്യലിസ്‌റ് പാര്‍ട്ടിയുടെ ചാന്‍സലറിന് ജനസമ്മതി രണ്ടാം പ്രാവശ്യവും നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തീവ്ര വലതുപക്ഷമായ ഫ്രീഡം പാര്‍ട്ടി യാഥാസ്ഥിതിക പീപ്പിള്‍സ് പാര്‍ട്ടിയുമായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാവും പകലുമില്ലാതെ നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലേയ്ക്ക് വന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ട്.

17 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓസ്ട്രിയയില്‍ ആദ്യമായി പരീക്ഷിച്ചു ദയനീയമായി പരാജയപ്പെട്ട ഈ സഖ്യം വീണ്ടും 2017 ഡിസംബര്‍ 16ന് (ശനി) സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയായി. തെരഞ്ഞെടുപ്പില്‍ ഓസ്ട്രിയന്‍ പീപ്പിള്‍സ് പാര്‍ട്ടി നേടിയ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് മുന്‍ നാസികള്‍ സ്ഥാപിച്ച വലതുപക്ഷ പാര്‍ട്ടിയുമായി ഏതാനും ആഴ്ചകളായി നടന്നു വന്നിരുന്ന മുന്നണി ചര്‍ച്ചകള്‍ക്കു വിരാമമായത്.

ഇതോടെ തീവ്ര വലതുപക്ഷ ഫ്രീഡം പാര്‍ട്ടി, യാഥാസ്ഥിതിക പീപ്പിള്‍സ് പാര്‍ട്ടിയുമായി അധികാരം പങ്കിടുന്നതുവഴിയായി പടിഞ്ഞാറന്‍ യൂറോപ്പില്‍ അധികാരത്തില്‍ വരുന്ന ഏക രാജ്യം ഓസ്ട്രിയ ആകും. രാജ്യത്തെ പുതിയ സഖ്യ സര്‍ക്കാരില്‍ വിദേശം, ആഭ്യന്തരം, പ്രതിരോധം, ആരോഗ്യം, സാമൂഹ്യ സുരക്ഷ തുടങ്ങിയ മര്‍മ്മപ്രധാനമായ മന്ത്രാലയങ്ങളും തീവ്ര വലതുപക്ഷത്തിന്റെ നിയന്ത്രണത്തിലാകും.

യൂറോപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ നേതാവും പീപ്പിള്‍സ് പാര്‍ട്ടിയുടെ ചെയര്‍മാനും, നാളിതുവരെ ഇടതു സോഷ്യല്‍ ഡെമോക്രാറ്റിക് ചാന്‍സലര്‍ ക്രിസ്റ്റ്യന്‍ കേണിന്റെ കീഴില്‍ വിദേശകാര്യ മന്ത്രിയുമായിരുന്ന 31കാരന്‍ സെബാസ്റ്റ്യന്‍ കുര്‍സാണ് പുതിയ ചാന്‍സലറാകുക. അതേസമയം വലതുപക്ഷ പാര്‍ട്ടി നേതാവ് സ്ട്രാഹേ വൈസ് ചാന്‍സലറുമാകും.

ഓസ്ട്രിയ വലതുപക്ഷത്തിലേക്ക് നീക്കിക്കൊണ്ടിരിക്കുന്ന ഒരു പുതിയ സഖ്യമായിരിക്കും തങ്ങളുടേതെന്ന് ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ ഇതിനോടകം പ്രഖ്യാപിച്ചു. സമൂലമായ കുടിയേറ്റ നിയന്ത്രണങ്ങള്‍, അഭയാര്‍ത്ഥികളെ വേഗത്തില്‍ രാജ്യഭ്രഷ്ഠരാക്കുക, മൗലിക ഇസ്ലാം വ്യാപിപ്പിക്കുന്നതിനെതിരെയുള്ള അടിയന്തിര നടപടി തുടങ്ങിയ ആവശ്യങ്ങള്‍ക്കായി തെരഞ്ഞെടുപ്പിനു മുന്‍പ് ഇരു കക്ഷികളും പ്രചാരണം നടത്തിയിരുന്നു.

28 രാജ്യങ്ങളുള്ള യുറോപിയന്‍ യൂണിയന്റെ പ്രസിഡന്റു സ്ഥാനത്തും യൂണിയന്റെ റോട്ടെഷന്‍ സിസ്റ്റം അനുസരിച്ചു അടുത്ത വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഓസ്ട്രിയ എത്തും. അതേസമയം
വെള്ളിയാഴ്ച വൈകുന്നേരത്തോടെ നടന്ന പാര്‍ട്ടി രൂപീകരണ സമ്മേളനത്തില്‍ എന്തായിരിക്കും യൂറോപ്യന്‍ യുണിയനുമായുള്ള ബന്ധത്തിലെ സവിശേഷതകള്‍ എന്ന വിഷയത്തില്‍ ഇരു പാര്‍ട്ടി നേതാക്കളും പ്രത്യകിച്ചൊന്നും സംസാരിച്ചില്ല. എന്നിരുന്നാലും യുറോപിയന്‍ യൂണിയനില്‍ നിന്ന് മാറണമെന്ന വാദം ഫ്രീഡം പാര്‍ട്ടിയെകൊണ്ട് തിരുത്തിച്ചതായാണ് പീപ്പിള്‍സ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

ഒരു മാറ്റത്തിന് ഓസ്ട്രിയക്കാര്‍ വോട്ട് ചെയ്തുവെന്നും അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ മാറ്റം ഉറപ്പാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നും കുര്‍ത്സ് പറഞ്ഞു. യൂറോപ്പ്യന്‍ ഭരണകൂടത്തിന്റെ പ്രാധാന്യം പുതിയ ചാന്‍സലര്‍ ഊന്നിപ്പറഞ്ഞപ്പോള്‍, ഫ്രീഡം പാര്‍ട്ടി നാസ്തികയൂറോ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

‘ഓസ്ട്രിയയില്‍ പരസ്പരം ഇടപെടുന്നതില്‍ പുതിയൊരു രാഷ്ട്രീയ ശൈലി ഉറപ്പാക്കേണ്ടത്’ ആവശ്യമാണെന്നും അതിനു ഏറെ പ്രാധാന്യം നല്‍കുമെന്നും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാന്‍സലര്‍ അഭിപ്രായപ്പെട്ടു.

Inputs from Varghese Panjikaran