പ്രണവ് മോഹന്‍ ലാല്‍ ചിത്രം ആദിയുടെ ട്രെയ്ലര്‍ പുറത്ത്

പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ജിത്തു ജോസഫ് ചിത്രം ആദിയുടെ ട്രെയ്ലര്‍ പുറത്ത്.ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആദിയുടെ ട്രെയിലര്‍ വ്യാഴാഴ്ച അഞ്ച് മണിക്ക് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിടുമെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

ഫേസ്ബുക്ക് പേജിലൂടെ ജിത്തു ജോസഫാണ് ആദിയുടെ ട്രെയിലര്‍ പുറത്തുവിട്ടിട്ടുള്ളത്. ആദിയുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായി മാറുന്നത്.ലോകത്ത് അധികമാര്‍ക്കും ലഭിക്കാത്ത നേട്ടവും ആദിയിലൂടെ പ്രണവിന് സ്വന്തമായിക്കഴിഞ്ഞു. നായകനായി അരങ്ങേറുന്ന ആദ്യ ചിത്രത്തിന് തന്നെ ഫാന്‍സ് ഷോ എന്ന റെക്കോര്‍ഡ് പ്രണവിന് സ്വന്തമാണ്.

താരപുത്രനെന്ന ഇമേജിനും അപ്പുറത്തേക്ക് സ്വന്തമായ ഇടം നേടിയാണ് പ്രണവ് മുന്നേറുന്നത്. ഫാന്‍സിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ താരപുത്രന്‍. മറ്റൊരു താരപുത്രനും അവകാശപ്പെടാനില്ലാത്ത തരത്തിലുള്ള പിന്തുണയാണ് പ്രണവിന് ലഭിക്കുന്നത്.സംഗീതത്തിനും ആക്ഷനും പ്രാധാന്യം നല്‍കിയാണ് ആദി ഒരുക്കുന്നത്. സംഗീത്ഞ്ജനായ ആദി, ആക്ഷന്‍ ഹീറോയായി മാറുന്നതിലൂടെയാണ് ചിത്രത്തിന്റ കഥ പുരോഗമിക്കുന്നത്.

വിദേശിയായ സ്റ്റണ്ട് മാസ്റ്ററാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ നിയന്ത്രിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുന്‍പ് പ്രണവ് പാര്‍ക്കര്‍ പരിശീലിച്ചത് ശരിക്കും പ്രയോജനമായെന്ന് അണിയറപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.