ഉള്ളടരുകളില്‍ ഉണ്ണിയുടെ ഉണര്‍ത്തുപാട്ട്: ജിജോ വാകപറമ്പില്‍

ഒന്നുമല്ലാതിരുന്നിട്ടും എന്തൊക്കെയാണെന്ന് നടിക്കുന്നവരുടെ ലോകത്തില്‍ എല്ലാമായിരുന്നിട്ടും ഒന്നുമല്ലാത്ത ഭാവത്തില്‍ പിറന്നു വീഴുന്ന രക്ഷകന് പ്രസക്തിയുണ്ട്. അതുകൊണ്ടായിരിക്കണം ഒന്നുമല്ലാത്തവര്‍ എന്ന് ലോകം മുദ്രകുത്തിയവര്‍ക്ക് അവന്റെ ജനനം ആദ്യം അറിയാനുള്ള ഭാഗ്യം ലഭിച്ചത്. തല ചായ്ക്കാന്‍ ഇടമില്ലാതെ ഭൂമിയുടെ ഉടയോന്‍ പിറന്നു വീഴുന്നത് ചാണകം മണക്കുന്ന കാലിത്തൊഴുത്തില്‍ എന്നത് അത്ഭുതമല്ല, അതൊരു ഓര്‍മപ്പെടുത്തല്‍ ആണ്.

ഇടയന്മാര്‍… ഭൂമിയില്‍ സ്വന്തമായി ഒരു തുണ്ട് ഭൂമിപോലും ഇല്ലാത്തവര്‍… എന്നും അലയാന്‍ മാത്രം വിധിക്കപ്പെട്ടവര്‍. കഠിനമായ തൊഴില്‍ ചെയ്യുവാന്‍ ത്രാണിയില്ലാത്തവരെയും കുടുംബത്തിലെ ഇളംമുറക്കാരേയും കഴിവ് കുറഞ്ഞവരെയും ഇടയന്മാരായി തിരഞ്ഞെടുത്തിരുന്ന ഒരു പാരമ്പര്യത്തില്‍ അവരെ സ്വര്‍ഗ്ഗീയ സന്ദേശത്തിന്റെ വാഹകര്‍ ആകാന്‍ തെരഞ്ഞെടുക്കുന്ന ഈശ്വരന്റെ അത്ഭുതകരമായ ഇടപെടല്‍ എന്തൊക്കെയോ നിശബ്ദമായി വിളിച്ചുപറയുന്നുണ്ട്.

കൊട്ടാരങ്ങളില്‍ സുഖശീതളിമയില്‍ അഭിരമിക്കുന്നവര്‍ക്കോ സത്രങ്ങളില്‍ അന്തിമയങ്ങുന്നവര്‍ക്കോ ദേവാലയങ്ങളുടെ കാത്തുസൂക്ഷിപ്പുകാര്‍ എന്ന് അവകാശവാദം ഉന്നയിക്കുന്നവര്‍ക്കോ അവനെകുറിച്ചുള്ള സദ്വാര്‍ത്ത ലഭിച്ചില്ല എന്നത് ചരിത്രസത്യം. ലോകം എന്നും പുറംപൂച്ചുകളുടെ പിന്നാലെയാണ്… അങ്ങനെയുള്ളവര്‍ക്കാണ് സ്ഥാനമാനങ്ങള്‍, അംഗീകാരങ്ങള്‍, കയ്യടികള്‍, സ്വീകരണങ്ങള്‍… ആര്‍ഭാടങ്ങളും ആഘോഷങ്ങളും ബഹളങ്ങളും… സര്‍വംസഹപോലും സഹികെട്ടു നില്‍ക്കുന്ന സര്‍വസംഹാരാത്മകമായ പ്രവണതകള്‍… അതൊക്കെ മുഴങ്ങുന്ന ചേങ്ങലയും ചിലമ്പുന്ന കൈതാളങ്ങളും! അവയ്‌ക്കൊക്കെ അല്‍പായുസ്സു മാത്രം… പിന്നെ അപാരമായ… കടുത്ത… നിബിഡമായ അന്ധകാരം… ശൂന്യത!

നമുക്ക് അകപ്പൊരുളിലേക്ക് യാത്രയാകാം… ഉള്ളറിയുന്നവന്‍ അവിടെയാണ്. അകം നിര്‍മലമായവര്‍ക്കു ഈശ്വരന്‍ വച്ചുവിളമ്പുന്ന ഒരു വിരുന്നുണ്ട്… സമാധാനം എന്നൊക്കെ അതിനെ പേരുചൊല്ലി വിളിക്കാം! ക്രിസ്തുമസ് പകരുന്ന പുണ്യം ഏതാണെന്ന് ചോദിച്ചാല്‍ ആ വഴി ചെന്നവസാനിക്കുന്നതു ഒരു പഴയ ചെമ്മണ്‍ പാതയിലായിരിക്കും… പച്ചപ്പുകൊണ്ട് കളംവരച്ച, മഴവില്ലുകൊണ്ടു ആകാശം അലങ്കരിച്ച, തേനരുവികൊണ്ട് സമ്പന്നമായ ശ്വാദ്വല ഭൂമിക… അവിടെ മണ്‍ചെരാതിന്റെ തിരിവെട്ടത്തില്‍ ഒരു മുളംതണ്ടിലെ കുറിപ്പ് ഇപ്രകാരം വായിച്ചെടുക്കാം… ശാന്തി… സമാധാനം… സൗഹൃദം! ഇമ്മാനുവേല്‍ ഈശ്വരന്‍ മനുഷ്യരോടുകൂടെ!

ആകാശം കാണാതെ പുസ്തകത്താളില്‍ കാത്തു സൂക്ഷിച്ച സുന്ദരമായ മയില്‍പ്പീലിതണ്ട് അതിലും മനോഹരമായ മയില്‍പീലി കുഞ്ഞുങ്ങളെ പ്രസവിക്കുന്നത് കാത്തിരുന്ന ബാല്യകാലത്തിലെ സ്മൃതികള്‍ കണക്കെ ലോകരക്ഷകന്റെ അത്ഭുതകരമായ ജനനത്തിന് കാതോര്‍ത്തിരിക്കേണ്ടത് അവനവന്റെ ഉള്ളടരുകളില്‍ എന്ന തിരിച്ചറിവാകട്ടെ ഈ ക്രിസ്തുമസ് രാവില്‍… അവിടെ മാലാഖമാരുടെ സ്വര്‍ഗ്ഗീയ സംഗീതമുണ്ട്… പുകയുന്ന കുന്തിരിക്കത്തിന്റെ സുഗന്ധമുണ്ട്… പ്രകൃതിയുടെ ഋതുഭേദങ്ങളുണ്ട്…!

ജീവിച്ചിരിക്കുന്നിടം സത്രമാണെന്നും ഇവിടത്തെ വാസം താല്കാലികമാണെന്നും എത്തിപ്പെടേണ്ടതായ മറ്റൊരു സ്ഥലം ഉണ്ടെന്നും ഓര്‍മ്മപ്പെടുത്താന്‍ ഇതാ ഒരു പുതുവര്‍ഷം കൂടി… 2018! കണ്‍മുന്‍പില്‍ കൂടെ നടക്കുന്ന ആ ഇടത്തിലേക്ക് നാം ഒരു സോപാനം കൂടി കയറുന്നു …അത്രമാത്രം പൊലിഞ്ഞു വീഴുന്ന പുല്‍നാമ്പുകള്‍ ജീവിതത്തിന്റെ നശ്വരത പഠിപ്പിക്കു ന്നതുപോലെ കൊഴിഞ്ഞു പോകുന്ന വത്സരങ്ങള്‍ മനുഷ്യാവസ്ഥയുടെ ക്ഷണികത ചൊല്ലിത്തരുന്നുണ്ട്… തീര്‍ച്ച!

സ്വപ്നഭംഗങ്ങളും വിലാപപ്രവാഹങ്ങളും സംഹാരഗര്‍ജ്ജനങ്ങളും ഇരമ്പിയാര്‍ത്തിഴഞ്ഞുപോയ ഇരുണ്ട സന്ധ്യകളും കണ്ണുകളിലെ തിളക്കങ്ങളും വിജയഭേരികളും സ്‌നേഹപ്രവാഹങ്ങളും അര്‍ത്ഥസുഖങ്ങളും… ഇനി എല്ലാം നോവോര്‍മ്മകള്‍…! നന്മയായിട്ട് എന്ത് ചെയ്തു 2017ല്‍ എന്നൊരു ചോദ്യം അവശേഷിക്കുന്നുണ്ട്… ബോധത്തിന്റെ ഇടനാഴികളില്‍ ആത്മപരിശോധനയുടെ ഈറ്റുനോവുകള്‍… ഉത്തരം നമ്മുടെ ഓരോരുത്തരുടെയും ഹൃദയങ്ങളില്‍ ആണ്… നമുക്ക് മാത്രം അറിയാവുന്ന അജ്ഞാത സ്ഥലികളില്‍!

ഒരേ പുഴയില്‍ രണ്ടു വട്ടം കുളിക്കാനാകില്ല എന്നും നഷ്ടപ്പെട്ട വഴികളിലേക്ക് തിരിച്ചു നടക്കാന്‍ സാധിക്കില്ല എന്നും വെളിച്ചം കിട്ടിയവര്‍ പറഞ്ഞു വച്ചിട്ടുണ്ട്. പക്ഷേ, അടുത്ത പുഴയില്‍ കുളിക്കാലോ… പുതിയ വഴിയേ നടക്കാലോ… പുതിയ പുലരിയെ പുല്‍കാലോ… പുതുവര്‍ഷമാകുന്ന പുതിയ പുഴയില്‍ കുളിച്ചു കയറാന്‍ നമുക്ക് നമുക്കാകും. പുതിയ മണ്‍പാതകളെ വെട്ടി ഒരുക്കാന്‍ സമയമായി.

പുതുപ്രതീക്ഷകളുടെ പൊന്‍വെട്ടങ്ങളിലേക്ക് മിഴികള്‍ തുറക്കുന്നതാകട്ടെ നാളത്തെ പ്രഭാതം!
എല്ലാവര്‍ക്കും ക്രിസ്തുമസ് പുതുവത്സരാശംസകള്‍!

ഫാ. ജിജോ വാകപറമ്പില്‍