കേരളത്തിന്റെ ആവശ്യം തള്ളി; ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഓഖി ദുരിതം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്കു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഓഖി ചുഴലിക്കാറ്റ് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ല.എന്നാല്‍,സാഹചര്യത്തെ അതീവ ഗുരുതരമായാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്.ചുഴലിക്കാറ്റിനെക്കുറിച്ച് ലഭ്യമായ എല്ലാ മുന്നറിയിപ്പുകളും സംസ്ഥാനങ്ങള്‍ക്കു നല്‍കിയിരുന്നു. ചുഴലിക്കാറ്റില്‍പ്പെട്ട് കേരളത്തില്‍ മാത്രം 74 പേര്‍ മരിക്കുകയും 215 പേരെ കാണാതാവുകയും ചെയ്‌തെന്ന് രാജ്‌നാഥ് സഭയെ അറിയിച്ചു.

അതേസമയം, നാശനഷ്ടം വിലയിരുത്താനുള്ള കേന്ദ്രസംഘം ചൊവ്വാഴ്ച കേരളത്തിലെത്തും. ആഭ്യന്തര അഡീഷണന്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും.നേരത്തെ, ഓഖി ചുഴലിക്കാറ്റ് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും കേന്ദ്ര സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് കെ.സി. വേണുഗോപാല്‍ ലോക്‌സഭയില്‍ ആരോപിച്ചു. സമഗ്ര പുനരധിവാസ പാക്കേജ് സമയബന്ധിതമായി പ്രഖ്യാപിക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.

മുന്നറിയിപ്പ് ലഭിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ നിരുത്തരവാദിത്വപരമായാണ് പ്രശ്‌നം കൈകാര്യം ചെയ്തതെന്ന് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി റിച്ചാര്‍ഡ് ഹേ കുറ്റപ്പെടുത്തി. സംസ്ഥാന തീരദേശ പൊലീസിനു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ വീഴ്ച പറ്റിയെന്നും റിച്ചാര്‍ഡ് ഹേ പറഞ്ഞു. ഇതോടെ ഇടത് എം.പിമാര്‍ എഴുന്നേറ്റുനിന്ന് പ്രതിഷേധിച്ചു.

സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ തോന്നലുണ്ടെന്നും റിച്ചാര്‍ഡ് ഹേ അത് പങ്കുവയ്ക്കുക മാത്രമാണ് ചെയ്തതെന്ന് ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് പാര്‍ലമെന്ററികാര്യമന്ത്രി അനന്ത് കുമാര്‍ പറഞ്ഞു.