ഉത്തരകൊറിയക്ക് കടിഞ്ഞാണിടാനൊരുങ്ങി യുഎന്‍; ഉപരോധങ്ങള്‍ കര്‍ശനമാക്കി

ലണ്ടന്‍:ഉപരോധങ്ങള്‍ക്കിടയിലും ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുന്ന ഉത്തര കൊറിയ്ക്ക് കടിഞ്ഞാണിടാനൊരുങ്ങി ഐക്യരാഷ്ട്രസഭ.അടുത്തിടെ ഉത്തരകൊറിയ നടത്തിയ അനധികൃത ബാലസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളെ ശക്തമായി അപലപിച്ച യു.എന്‍, കൊറിയക്കെതിരെ അമേരിക്ക കൊണ്ടുവന്ന സമാധാന പ്രമേയം പാസാക്കി. കൊറിയയിലേക്കുളള എണ്ണ കയറ്റുമതിയില്‍ വരെ കൈകടത്തുന്ന പ്രമേയം ഉത്തരകൊറിയയോട് മൃദു സമീപനം പുലര്‍ത്തുന്ന ചൈനയുടെയും റഷ്യയുടെയും പിന്‍തുണയോടെയാണ് പാസായതെന്നതാണ് ശ്രദ്ധേയം.

ആണവ പരീക്ഷണങ്ങളില്‍ ഉള്‍പ്പെട്ട വ്യക്തികളെയും കമ്പനികളെയും കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് പ്രമേയത്തില്‍ നിര്‍ദേശിക്കുന്നു. കൂടാതെ ഉത്തര കൊറിയയിലേക്കുളള സാധനങ്ങളുടെ സുഗമമായ കൈമാറ്റത്തെയും എതിര്‍ക്കുന്നു. യുഎന്നില്‍ എതിരില്ലാതെ പ്രമേയം പാസായത് ലോകത്തിന് സമാധാനം വേണമെന്നതിന്റെ തെളിവാണെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.