ജറുസലം: അമേരിക്കന്‍ തീരുമാനത്തെ യുഎന്‍ അപലപിച്ചു

പി. പി. ചെറിയാന്‍

യുണൈറ്റഡ് നേഷന്‍സ്: ഇസ്രയേലിന്റെ തലസ്ഥാനം ജറുസലമായി അംഗീകരിച്ചതും നിലവിലുള്ള യുഎസ് എംബസ്സി ടെല്‍ അവീവില്‍ നിന്നും ജറുസലമിലേക്ക് മാറുമെന്നും ട്രംപ് നടത്തിയ പ്രഖ്യാപനത്തെ അപലപിക്കുന്ന പ്രമേയം യുണൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ലി അംഗീകരിച്ചു. 128 രാജ്യങ്ങള്‍ യുഎന്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 9 രാഷ്ട്രങ്ങള്‍ മാത്രമാണ് അമേരിക്കയെ അനുകൂലിച്ചു വോട്ട് ചെയ്തത്.

35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തു. ചൈന, യുണൈറ്റഡ് കിങ്ങ്ഡം, ഫ്രാന്‍സ്, ജര്‍മനി, ഓസ്ട്രിയ, ജപ്പാന്‍, ഇറ്റലി, സൗത്ത് കൊറിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ യുഎസിനെ എതിര്‍ത്ത് വോട്ട് ചെയ്തു.

രണ്ടു ദിവസം മുന്‍പു യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഇതേ പ്രമേയം അവതരിപ്പിച്ച് ഭൂരിപക്ഷം പേര്‍ അനുകൂലിച്ചപ്പോള്‍ അമേരിക്ക വീറ്റൊ ചെയ്യുകയായിരുന്നു. യുഎസിനെതിരെ വോട്ടു ചെയ്തവര്‍ക്ക് യുഎസ് നല്‍കി വരുന്ന സഹായം വെട്ടിക്കുറക്കുമെന്ന് ട്രംപും ഈ രാജ്യങ്ങളെ ഞങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുമെന്ന് നിക്കി ഹെയ്ലിയും മുന്നറിയിപ്പു നല്‍കി കഴിഞ്ഞു.

യുഎസ് തീരുമാനത്തിനെതിരെ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ വന്‍ ശക്തികള്‍ എതിര്‍ത്ത് വോട്ട് ചെയ്തതു അമേരിക്കയെ തെല്ലൊന്ന് പരിഭ്രാന്തമാക്കിയിട്ടുണ്ട്. യുഎന്‍ തീരുമാനത്തെ അവഗണിച്ചു ട്രംപ് പ്രഖ്യാപനം നിറവേറ്റുന്നതിനുള്ള നടപടിക്കൊരുങ്ങുകയാണ്.