സര്‍ക്കാരിനെ ‘കണക്കിന്’ കളിയാക്കി ജേക്കബ് തോമസിന്റെ കണക്കിലെ കളി

തിരുവനന്തപുരം:സര്‍ക്കാരിനെ പരിഹസിച്ച് സസ്‌പെന്‍ഷനിലായ ഡിജിപി ജേക്കബ് തോമസ് വീണ്ടും രംഗത്ത്. സമൂഹമാധ്യത്തിലെ ‘പാഠം 2- മുന്നോട്ടുള്ള കണക്ക്’ എന്ന തലക്കെട്ടിലുള്ള പോസ്റ്റിലാണ് സര്‍ക്കാരിനെ വിമര്‍ശിച്ച് ജേക്കബ് തോമസ് വീണ്ടും രംഗത്തുവന്നത്. ‘പരസ്യപദ്ധതികള്‍ ജനക്ഷേമത്തിന്!’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്.

സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതിനാണ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി) ഡയറക്ടര്‍ ജനറല്‍ ആയിരുന്ന ഡിജിപി ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്.

നേരത്തെ, ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ പാളിച്ചകളും അപാകതകളും ചൂണ്ടിക്കാട്ടി ജേക്കബ് തോമസ് നേരത്തെ സമൂഹമാധ്യമത്തിലെ പോസ്റ്റിട്ടിരുന്നു.ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 7340 കോടിയുടെ പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് ജേക്കബ് തോമസിന്റെ ആദ്യത്തെ പോസ്റ്റില്‍ വിമര്‍ശന വിധേയമായത്. ആകെ വേണ്ടത് 700 കോടിയും ഉള്ളത് 7000 കോടിയുമാണെന്ന് ജേക്കബ് തോമസ് പറയുന്നു. പാഠം ഒന്ന്, കണക്കിലെ കളികള്‍ എന്ന തലക്കെട്ടിലാണ് ചിത്രസഹിതം കണക്കുകള്‍ നിരത്തി വിമര്‍ശനം.

പോസ്റ്റില്‍നിന്ന്:

മരിച്ചവര്‍ 100=100 കോടി, പരുക്കേറ്റവര്‍ 100= 50 കോടി, കാണാതായവര്‍ (കണക്കെടുപ്പ് തുടരുന്നു) 250= 250 കോടി, വള്ളവും വലയും പോയവര്‍ 100= 200 കോടി, മുന്നറിയിപ്പ് സംവിധാനം =50 കോടി, മറ്റു പലവക =50 കോടി, ആകെ വേണ്ടത് =700 കോടി. ആകെ ഉള്ളത് =7000 കോടി. കണക്ക് ശരിയാകുന്നുണ്ടോ..? കണക്കിന് വേറെ ടീച്ചറെ നോക്കാം. ജേക്കബിന്റെ തോമസിന്റെ കുറിപ്പ് ഇങ്ങനെയാണ്.