പയ്യോളി മനോജ് വധം; പിടിയിലായവരെല്ലാം മുഖ്യ ആസൂത്രകര്‍;പ്രതികളെ 12 ദിവസം സിബിഐ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: പയ്യോളി മനോജ് വധക്കേസിലെ പ്രതികളെ 12 ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയിയില്‍ വിട്ടു. ഇപ്പോള്‍ അറസ്റ്റിലായവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും മുഖ്യ ആസൂത്രകരുമെന്ന് സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കി.കുറ്റകൃത്യത്തില്‍ പങ്കാളികളായ കൂടുതല്‍ പേര്‍ ഇനിയും പിടിയിലാകാനുണ്ട്. ഇതില്‍ രണ്ടു പേര്‍ വിദേശത്താണെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായ പ്രതികളില്‍ ചിലരാണ് ഗൂഡാലോചന നടത്തി കൃത്യത്തിന് ചുക്കാന്‍ പിടിച്ചത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത് ഏഴ് പേരാണ്. ആക്രമണത്തിന് പദ്ധതിയിട്ട ശേഷം പയ്യോളി മനോജിന്റെ വീടിനു ചുറ്റും 20 പേര്‍ ഒത്തുകൂടിയിരുന്നു. ഇവരില്‍ ഏഴ് പേര്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു.

എന്നാല്‍ കേസ് കെട്ടിച്ചമച്ചതെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു. അത് വിചാരണയിലൂടെ തീരുമാനിക്കേണ്ടതാണെന്ന് പറഞ്ഞ കോടതി പ്രതികളെ 12 ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വിടുകയായിരുന്നു. സിപിഎം പയ്യോളി ലോക്കല്‍ സെക്രട്ടറി പി വി രാമചന്ദ്രന്‍, മുന്‍ ഏരിയാ സെക്രട്ടറി ചന്തുമാഷ്, സിപിഎം വാര്‍ഡ് കൗണ്‍സിലര്‍ ലിജേഷ് എന്നിവരുള്‍പ്പടെ ഒമ്പത് പേരാണ് കേസിലെ പ്രതികള്‍.