സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നത് ഹൈ കോടതി തടഞ്ഞു

കൊച്ചി : നികുതി വെട്ടിക്കാന്‍ പോണ്ടിചേരിയില്‍ വ്യാജമായി കാര്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ സുരേഷ് ഗോപി എം.പിയെ അറസ്റ്റ് ചെയ്യുന്നത് 10 ദിവസത്തേക്ക് കൂടി തടഞ്ഞു. കേസ് പരിഗണിച്ച ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. അതേസമയം സുരേഷ് ഗോപി എം.പി കേസിന്റെ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നു ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിന്റെ കൃത്യമായ രേഖകള്‍ ക്രൈംബ്രാഞ്ചിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. സുരേഷ് ഗോപിയുടെ കാര്‍ ഓവര്‍ സ്പീഡിന് അടക്കം പിടിക്കപ്പെട്ടു. അതനുസരിച്ച് പുതുച്ചേരിയിലെ വിലാസത്തില്‍ നോട്ടീസ് അയച്ചെങ്കിലും അങ്ങനെയൊരു ആളില്ല എന്ന അറിയിപ്പില്‍ തിരിച്ചുവരുകയുണ്ടായി എന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ അറിയിച്ചു.

താന്‍ കൃഷി ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് കാര്‍ വാങ്ങിയത് എന്നും. പോണ്ടിചേരിയില്‍ തനിക്ക് സ്വന്തമായി വീട് ഉണ്ട് എന്നുമാണ് സുരേഷ് ഗോപി കോടതിയില്‍ അറിയിച്ചത്. എന്നാല്‍ ഇത് വിശ്വാസയോഗ്യമല്ല എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അതുപോലെ കേരളത്തിലുള്ളവര്‍ വാങ്ങുന്ന വാഹനങ്ങള്‍ക്ക് പുതുച്ചേരി വിലാസത്തില്‍ വ്യാജ രജിസ്‌ട്രേഷന്‍ നടത്തിക്കൊടുക്കുന്നതിനായി ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ഇതിനായി ഒരു സിന്‍ഡിക്കേറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരേ മേല്‍വിലാസത്തില്‍ തന്നെ പല വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്താനും കഴിഞ്ഞുവെന്ന് കോടതിയില്‍ അന്വേഷണ സംഘം അറിയിച്ചു.