ട്രംപിന്റെ നിലപാട്: ഇന്ത്യക്ക് ആഹ്ലാദം നല്‍കുന്നെങ്കിലും അപകടം മറഞ്ഞിരിപ്പുണ്ടെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: കോടികളുടെ സാമ്പത്തിക സഹായം നല്‍കിയിട്ടും അമേരിക്കക്ക് പാകിസ്താനില്‍നിന്ന് കിട്ടിയത് നുണയും ചതിയുമാണെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന ഏറ്റവും കൂടുതല്‍ ആഹ്ലാദം നല്‍കിയത് കേന്ദ്രസര്‍ക്കാറിനാണ്.എന്നാല്‍, സന്തോഷത്തിനപ്പുറം, അപകടവും പതിയിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുകയാണ് നയതന്ത്ര വിദഗ്ധര്‍. ട്രംപിന്റെ വിമര്‍ശനത്തിന് പിന്നാലെ പാകിസ്താനെ പുകഴ്ത്താന്‍ ചൈന മുന്നിട്ടിറങ്ങിയത് ചൂണ്ടുപലകയാണ്.

എന്നാല്‍, ട്രംപിന്റെ പ്രസ്താവനയെ തുറന്നെതിര്‍ക്കുകയാണ് ചൈന ചെയ്തത്. പാകിസ്താന്‍ ഭീകരതയുടെ സുരക്ഷിത സങ്കേതമാണെന്നു ഉയര്‍ത്തിക്കാട്ടി അന്താരാഷ്ട്ര തലത്തില്‍ ആ രാജ്യത്തെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചുവരുന്ന ഇന്ത്യക്ക് ട്രംപിന്റെ വാക്കുകള്‍ മുതല്‍ക്കൂട്ടാണ്. അതുവഴി പാകിസ്താനെക്കാള്‍ ഈ മേഖലയില്‍ ഇന്ത്യയെ വിശ്വസ്ത പങ്കാളിയാക്കാനുള്ള വ്യഗ്രതയും ട്രംപിന്റെ വാക്കുകളിലുണ്ട്.

അഫ്ഗാനിസ്താന്റെ പുനര്‍നിര്‍മാണത്തില്‍ സഹായിച്ചുവരുന്ന ഇന്ത്യ, സൈനികമായിത്തന്നെ തങ്ങള്‍ക്ക് സഹായം ലഭ്യമാക്കണമെന്ന താല്‍പര്യക്കാരാണ് അമേരിക്ക. അഫ്ഗാനിസ്താനില്‍ പൊരുതിത്തോറ്റു നില്‍ക്കുന്ന അമേരിക്കക്ക് മണ്ണും മനുഷ്യശേഷിയും സന്നാഹ സൗകര്യങ്ങളുമെല്ലാം അടിയറവെച്ചു സഹായിക്കുകയാണ് പാകിസ്താന്‍ ചെയ്തത്.

എന്നാല്‍, അതില്‍ ട്രംപ് തൃപ്തനല്ല. അഫ്ഗാനിലെ പരീക്ഷണങ്ങള്‍ പരാജയപ്പെടുന്നതിന്റെ കാരണക്കാരായി പാകിസ്താനെ ചിത്രീകരിച്ച് അമേരിക്കന്‍ അഭിമാനം രക്ഷിക്കാനുള്ള ശ്രമം കൂടിയാണ് ട്രംപ് പുതുവത്സര ട്വിറ്റര്‍ സന്ദേശത്തിലൂടെ നടത്തിയത്. ചൈനക്കെതിരായ നീക്കങ്ങളില്‍ അമേരിക്കന്‍ പക്ഷത്തേക്ക് ഇന്ത്യയെ കൂടുതല്‍ ചേര്‍ത്തുനിര്‍ത്തുക എന്നതാണ് ട്രംപ് ലക്ഷ്യം വയ്ക്കുന്നത്.

ട്രംപിന്റെ പ്രസ്താവന പാകിസ്താനുമായി കൂടുതല്‍ അടുപ്പം നേടാനുള്ള അവസരമായി ചൈന ഉപയോഗപ്പെടുത്തുന്നു. ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായി പാക് അധീന കശ്മീരിലൂടെ ചൈന-പാക് സാമ്ബത്തിക ഇടനാഴി നിര്‍മിക്കുന്നതടക്കം പരസ്പരബന്ധം ശക്തിപ്പെട്ടു നില്‍ക്കുകയുമാണ്.

പാകിസ്താനുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്ന ചൈനക്ക് നേപ്പാളിലെ ഭരണമാറ്റ സാഹചര്യങ്ങളും ഇന്ത്യക്കെതിരായ നീക്കങ്ങളില്‍ മുതല്‍ക്കൂട്ടായിട്ടുണ്ട്. എന്നാല്‍, അമേരിക്കയുടെ വിശ്വസ്ത പങ്കാളിയാകുന്നതില്‍ കേന്ദ്രീകരിച്ച നയതന്ത്രം മുന്നോട്ടുനീക്കുന്ന മോദിസര്‍ക്കാര്‍ ഇത്തരം അപകടങ്ങളൊക്കെ അവഗണിക്കുകയാണ്.