കേരളം തനിക്കു വീടുപോലെ;ബ്ലാസ്റ്റേഴ്‌സിനായി കളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്;ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഡ്യൂഡ് കിസിറ്റോ പറയുന്നു

കേരള ബ്ലാസ്റ്റേഴ്സിനെ പോലെ ഒരു വലിയ ടീമില്‍ കളിയ്ക്കാന്‍ പറ്റുന്നതില്‍ അഭിമാനമുണ്ടെന്ന് ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി അരങ്ങേറ്റം കുറിച്ച വിദേശം താരം കെസിറോണ്‍ കിസിറ്റോ. ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ മത്സരത്തില്‍ രണ്ടാം പകുതിയില്‍ ബെര്‍ബെറ്റോവിന് പകരക്കാരനായി ഇറങ്ങി താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരെ കുറിച്ച് താന്‍ ഒരുപാടു കേട്ടിട്ടുണ്ടെന്നും അവര്‍ വളരെ മികച്ചതാണെന്നും അവരുടെ മുന്‍പില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കാനാണ് ആഗ്രഹവുമെന്നും താരം പറഞ്ഞു. ”മിഡ്ഫീല്‍ഡില്‍ ഏതൊരു സ്ഥലത്തും താന്‍ കളിയ്ക്കാന്‍ തയ്യാറാണ്. ഉഗാണ്ടയും ഇന്ത്യയും ഒരുപോലെയാണ്. ടീമിനൊപ്പം കുറച്ച് കാലമായി ഉണ്ട്. അത് കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സ് തനിക്ക് സ്വന്തം വീട് പോലെയാണ്”. കിസിറ്റോ പറഞ്ഞു.

ഉഗാണ്ടയില്‍ നിന്നുള്ള ഈ താരം ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ടീമില്‍ ഇടം നേടിയത്. കഴിഞ്ഞ പ്രീ സീസണ്‍ മുതല്‍ ടീമിനൊപ്പമുള്ള താരം പക്ഷെ സീസണിന്റെ ആദ്യ പകുതിയില്‍ ടീമിനൊപ്പം കളിച്ചിരുന്നില്ല. പൂനെക്കെതിരെ മികച്ച പ്രകടനം കാഴ്ച വെച്ച കിസിറ്റോ അടുത്ത മത്സരത്തില്‍ ആദ്യ പതിനൊന്നില്‍ ഇടം നേടുമെന്നാണ് കരുതപെടുന്നത്.