പദ്മാവതി ‘പദ്മാവത്’ ആയി റിലീസ് ചെയ്യും; തിയ്യതി തീരുമാനിച്ചു

മുംബൈ: സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനമികവിലൊ രുങ്ങിയ ചിത്രം പദ്മാവത് ഈ മാസം 25 ന് റിലീസ് ചെയ്യും. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങളനുസരിച്ച് പേരിലടക്കം മാറ്റം വരുത്തിയാണ് ചിത്രം പുറത്തിറങ്ങുന്നത്. വന്‍ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവിലാണ് പദ്മാവതിക്ക് ഉപാധികളോടെ സെന്‍സര്‍ അനുമതി ലഭിച്ചത്. ചിത്രം കാണാന്‍ നിയോഗിച്ച ആറംഗ വിദഗ്ദ സമിതിയുടെ നിര്‍ദ്ദേശപ്രകാരമുള്ള ഉപാദികള്‍ അംഗീകരിച്ചാല്‍ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം.

സിനിമയുടെ പേര് പദ്മാവത് എന്നാക്കണം. സിനിമ തുടങ്ങുന്‌പോഴും ഇടവേളകളിലും ചരിത്രവുമായി ബന്ധമില്ലെന്ന് മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണം.ചിത്രത്തില്‍ 26 ഭാഗങ്ങളില്‍ മാറ്റം വരുത്തണം എന്നിവയായിരുന്നു സെന്‍സര്‍ ബോര്‍ഡ് മുന്നോട്ടുവച്ച ഉപാധികള്‍. സെന്‍സര്‍ ബോര്‍ഡ് മുന്നോട്ടുവച്ച ഉപാധികള്‍ നിര്‍മാതാക്കള്‍ അന്നു തന്നെ അംഗീകരിച്ചിരുന്നു. ചരിത്രത്തിന്റെ ഭാഗീകാവതരണം ഒഴിവാക്കാന്‍ സമിതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചരിത്രം വളച്ചൊടിച്ചുവെന്നും രജപുത്രരാജ്ഞിയെ മോശമായി ചിത്രീകരിച്ചു എന്നുമായിരുന്നു ചിത്രത്തിനെതിരെ ഉയര്‍ന്നുവന്ന ആരോപണം.

ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്ന് എന്നതും ‘പദ്മാവതി’ക്ക് വാര്‍ത്താപ്രാധാന്യം നേടികൊടുത്തിരുന്നു.