ന്യുലാന്‍ഡ് ടെസ്റ്റ്:ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ബൗളര്‍മാര്‍;ജയപ്രതീക്ഷ സജീവമാക്കി ഇന്ത്യ

കേപ്ടൗണ്‍:ന്യുലാന്‍ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 65/2 എന്ന സ്‌കോറില്‍ നാലാം ദിനം രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റുകള്‍ കൂടി നഷ്ടമായി. ഹാഷിം അംല(4), നൈറ്റ് വാച്ച്മാന്‍ റബാഡ(5), ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസി(0), ക്വിന്റണ്‍ ഡീ കോക്ക്(8) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ബൂമ്രയും ഷാമിയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

16 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന എ ബി ഡിവില്ലിയേഴ്‌സിലാണ് ദക്ഷിണാഫ്രിക്കയുടെ അവസാന പ്രതീക്ഷ. നാലു വിക്കറ്റ് മാത്രം ശേഷിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് ഇപ്പോള്‍ 169 റണ്‍സിന്റെ ആകെ ലീഡുണ്ട്. കാലിന് പരിക്കേറ്റ ഡെയ്ല്‍ സ്റ്റെയിന്‍ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യില്ല.

മികച്ച പേസും അപ്രതീക്ഷിത ബൗണ്‍സുമുള്ള പിച്ചില്‍ ദക്ഷിണാഫ്രിക്ക 200ന് മുകളില്‍ ലീഡ് നേടിയാല്‍ ഇന്ത്യക്ക് മറികടക്കുക ബുദ്ധിമുട്ടാകും.അതേസമയം ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്‌സ് 150 റണ്‍സിനുള്ളില്‍ ഒതുക്കിയാല്‍ ഇന്ത്യക്ക് ജയം പ്രതീക്ഷിക്കാം.