വഴിക്കടവ് അപകടം:ഡ്രൈവര്‍ക്ക് പക്ഷാഘാതമുണ്ടായതാണ് അപകടകാരണമെന്ന് റിപ്പോര്‍ട്ട്

നിലമ്പൂര്‍: നിലമ്പൂര്‍ വഴിക്കടവിനടുത്ത് ബസ് കാത്തു നിന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറി രണ്ട് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്ക് പക്ഷാഘാതമുണ്ടായതാണ് അപകടകാരണമെന്ന് റിപ്പോര്‍ട്ട്.ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന നിലയില്‍ ലോറി ഡ്രൈവര്‍ മുസ്തഫ (64)യെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കര്‍ണാടക രജിസ്ട്രേഷനുള്ള ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവിങ്ങിനിടെ ലോറി ഡ്രൈവര്‍ക്ക് പക്ഷാഘാതം ഉണ്ടായതാണ് ലോറി നിയന്ത്രണം വിട്ട് അപകടമുണ്ടാക്കാന്‍ കാരണമായതെന്നാണ് സൂചന. അപകടം നടക്കുന്നതിനു മുന്‍പ് മുസ്തഫയ്ക്ക് പക്ഷാഘാതം സംഭവിച്ചിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം.

നിയന്ത്രണം വിട്ട ലോറി സ്‌കൂട്ടര്‍, ബസ്, ഓട്ടോറിക്ഷ എന്നിവയില്‍ ഇടിച്ച ശേഷം ബസ് കാത്തുനിന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ളവരുടെ മേല്‍ പഞ്ഞുകയറുകയായിരുന്നു. മണിമൂളിയില്‍ സികെഎച്ച്എസ്എസ് സ്‌കൂളിനു സമീപം രാവിലെ 9.30ഓടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ 10 ഓലമേ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.