പ്രസവിച്ചസമയം കുട്ടികള്‍ മാറിപ്പോയി; സത്യം അറിഞ്ഞതിന് ശേഷവും സ്വന്തം കുഞ്ഞ് വേണ്ട വളര്‍ത്തിയ കുട്ടി മതി എന്ന് മാതാപിതാക്കള്‍; സ്നേഹബന്ധത്തിന്‍റെ മൂല്യം വെളിപ്പെടുത്തുന്ന ഒരു സന്ദേശം


ഇത്രയും നാളും താലോലിച്ച് വളര്‍ത്തിയ മക്കള്‍ നമ്മുടെത് അല്ല എന്ന് അറിഞ്ഞാല്‍ എന്ത് ചെയ്യും, തങ്ങളുടെ സ്വന്തം കുട്ടി വേറെ ഒരു വീട്ടിലാണ് വളരുന്നത് എന്നറിഞ്ഞാല്‍ എന്തായിരിക്കും നിങ്ങളുടെ വികാരം. ആശുപത്രികളില്‍ പ്രസവ വേളകളില്‍ കുഞ്ഞുങ്ങളെ മാറിപ്പോകുന്ന സംഭവങ്ങള്‍ നാം ഏറെ കേള്‍ക്കുന്ന ഒന്നാണ്. കുഞ്ഞിന് വേണ്ടി പോലീസിലും കോടതിയിലും ഒക്കെ പോയി കേസ് പറഞ്ഞ സംഭവങ്ങളും നമ്മുടെ നാട്ടില്‍ ധാരാളമായി ഉണ്ടാകാറുണ്ട്. അത്തരത്തില്‍ ഒരു സംഭവം തന്നെയാണ് ഇവിടെയും ഉണ്ടായത്. എന്നാല്‍ അതിന്റെ ക്ലൈമാക്‌സ് ആണ് ഏവരുടെയും കണ്ണു നിറച്ചത്. അസ്സമിലെ ദരംഗ് ജില്ലയിലാണ് സംഭവം. ഇത്രനാളും സ്നേഹിച്ച കുഞ്ഞിനെ ഒപ്പം നിര്‍ത്തി സ്വന്തം കുഞ്ഞിനെ വിട്ടു കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഈ മാതാപിതാക്കള്‍. 2015ല്‍ മംഗള്‍ദോയ് സിവില്‍ ആശുപത്രിയില്‍ ഒരു ബോഡോ കുടംബത്തിലും മുസ്ലിം കുടുംബത്തിലും ജനിച്ച കുട്ടികളാണ് പരസ്പരം മാറിപ്പോയത്.

2015 മാര്‍ച്ച് 11നാണ് ഇരുകുഞ്ഞുങ്ങളും ജനിക്കുന്നത്. എന്നാല്‍ 48കാരനായ മുസ്ലിം അധ്യാപകന്റെ ഭാര്യയ്ക്കാണ് ഇതു തന്റെ കുഞ്ഞല്ലെന്ന സംശയം ആദ്യം തോന്നുന്നത്. കുടുംബാംഗങ്ങളില്‍ ആരുമായും മുഖ സാദൃശ്യം ഇല്ലെന്ന് മാത്രമല്ല തനിക്കൊപ്പം ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ട ബോഡോ സ്ത്രീയുടെ മുഖവുമായി കുട്ടിക്ക് നല്ല സാമ്യം ഉണ്ടെന്ന സംശയം അവരില്‍ ഉടലെടുത്തു. ഇവര്‍ ഈ സംശയം ഭര്‍ത്താവിനോട് പങ്കുവെക്കുകയും ഭര്‍ത്താവ് ഇത് ആശുപത്രി അധികൃതരെ അറിയിക്കുകയുമായിരുന്നു. പക്ഷെ ആശുപത്രി അധികൃതര്‍ വാദം തള്ളിക്കളഞ്ഞെന്നു മാത്രമല്ല ഭാര്യക്ക് മാനസിക രോഗമാണ് എന്ന് ആക്ഷേപിക്കുകയും ചെയ്തു.

എന്നാല്‍ കുഞ്ഞു തങ്ങളുടേത് അല്ല എന്ന് നിശ്ചയം ഉണ്ടായിരുന്ന അദ്ധ്യാപകന്‍ വിവരാവകാശ നിയമ പ്രകാരം അന്നേ ദിവസം ആശുപത്രിയില്‍ നടന്ന പ്രസവ വിവരങ്ങളെല്ലാം സംഘടിപ്പിച്ചു. അവസാനം സംശയത്തിന്റെ നിഴല്‍ മുഴുവന്‍ ബോഡോ കുടുംബത്തിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. ബോഡോ കുടുംബത്തെ കാര്യം അറിയിച്ചെങ്കിലും അവര്‍ ഇതൊന്നും വിശ്വാസത്തിലെടുത്തില്ല. തങ്ങളുടെ കൂടെ ഉള്ളത് സ്വന്തം കുട്ടി തന്നെയാണ് എന്ന വാദത്തില്‍ അവരും ഉറച്ചു നിന്നു. തുടര്‍ന്ന് ഡിഎന്‍എ ടെസ്റ്റിനു വിധേയമായതോടെയാണ് കുഞ്ഞ് തങ്ങളുടേതല്ലെന്ന തീര്‍പ്പില്‍ അധ്യാപകനും ഭാര്യയും എത്തിച്ചേരുന്നത്. ലഭിച്ച ഡിഎന്‍എ ഫലവുമായി ഇവര്‍ പോലീസിനെ സമീപിച്ചു. പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത ശേഷം നടന്ന ഡിഎന്‍എ ടെസ്റ്റില്‍ ഇരു കുടുംബങ്ങളും കുട്ടികള്‍ പരസ്പരം മാറിപ്പോയെന്ന സത്യം തിരിച്ചറിഞ്ഞു. കുട്ടികളെ പരസ്പരം കൈമാറാന്‍ കോടതി വിധിക്കുകയും ചെയ്തു. എന്നാല്‍ വിചാരിക്കും പോലെ അത്ര എളുപ്പം ഉള്ളതായിരുന്നില്ല ആ കൈമാറ്റം. മുതിര്‍ന്നവര്‍ക്ക് പറ്റിയ അബദ്ധം മനസിലാക്കുവാന്‍ മാത്രം പ്രായം ഇല്ലാത്ത അവര്‍ തങ്ങളെ എടുത്തു വളര്‍ത്തിയവരെ വിട്ടുപോകാന്‍ കൂട്ടാക്കിയില്ല. അതുപോലെ തന്നെയായിരുന്നു മാതാപിതാക്കളുടെ അവസ്ഥയും. രണ്ടുവര്‍ഷത്തില്‍ ഏറെയായി കണ്ടുവന്ന മുഖം സ്വന്തമല്ല എന്നറിഞ്ഞിട്ടും വിട്ടു പോകാന്‍ അവരെ കൊണ്ടും കഴിഞ്ഞില്ല.

രണ്ടു കുട്ടികളും അന്ന് കരഞ്ഞു തളര്‍ന്നു. അത് ഞങ്ങള്‍ക്ക് കണ്ട് നില്‍ക്കാന്‍ സാധിക്കുന്നതായിരുന്നില്ല. അപ്പോള്‍ ഞങ്ങള്‍ക്ക് സ്നേഹത്തെയും മനുഷ്യത്വത്തെയും കുറിച്ച് മാത്രമേ ചിന്തിക്കാന്‍ കഴിയുമായിരുന്നുള്ളൂ’, അധ്യാപകന്‍ പറയുന്നു. രക്തബന്ധത്തിനു പിന്നാലെ പോവേണ്ടെന്ന തീരുമാനത്തില്‍ അങ്ങനെയാണ് അവര്‍ എത്തിചേരുന്നത്. ഇനിയിപ്പോള്‍ സ്വന്തം കുഞ്ഞുങ്ങളെ വേണ്ട എന്ന മറ്റൊരു സംയുക്ത ഹര്‍ജിയുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇരു കുടുംബങ്ങളും. ഇത്രയും നാളും വളര്‍ത്തിയ കുട്ടികള്‍ തന്നെ കൂടെ മതി എന്ന് ആവശ്യപ്പെടുന്നതാണ് ആ പുതിയ ഹര്‍ജി.