സച്ചിന്റെ മകളെ വിവാഹം കഴിക്കണം എന്ന ആവശ്യവുമായി യുവാവ് രംഗത്ത് ; തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി ; പോലീസ് പിടിച്ചിട്ടും കൂസലില്ലാ

ക്രിക്കറ്റിലെ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകള്‍ സാറയെ ജീവിതപങ്കാളിയാക്കണമെന്ന ആവശ്യവുമായി യുവാവ് രംഗത്ത്. ബംഗാളില്‍ നിന്നുള്ള പെയിന്റിംഗ് തൊഴിലാളിയായ ദേബ്കുമാര്‍ ബെയ്തിയാണ് സാറയെ വിവാഹം കഴിക്കണമെന്ന ആവശ്യം പറഞ്ഞ് സച്ചിന്റെ വീട്ടിലേക്ക് ഫോണ്‍ ചെയ്തത്. സാറയെ ശല്യം ചെയ്യുന്നതു കൂടിയതോടെ ലഭിച്ച പാരാതിയെ തുടര്‍ന്ന്‍ പോലീസ് ദേബ്കുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ പോലീസ് പിടികൂടിയിട്ടും ഇയാള്‍ തന്റെ നിലപാടില്‍ മാറ്റമില്ലാതെ തുടരുകയാണ്. സാറയെ താന്‍ തന്നെ വിവാഹം കഴിക്കുമെന്നും മറ്റാര്‍ക്കും വിട്ടുകൊടുക്കില്ല എന്നുമാണ് ദേബ് കുമാര്‍ പോലീസിനോടും പറയുന്നത്.

“സാറ എന്റേതു മാത്രമാണ്. അവളെ ഞാന്‍ സ്വന്തമാക്കും. മറ്റാരെയും വിവാഹം കഴിക്കാന്‍ അനുവദിക്കില്ല’- ഇത് തന്നെയാണ് ഇയാള്‍ മുഴുവന്‍ സമയവും ഉരുവിട്ടുകൊണ്ടിരിക്കുന്നത് എന്ന് പോലീസ് പറയുന്നു. പല ഇടങ്ങളില്‍ വെച്ചും ഇയാള്‍ സാറയെ പിന്തുടര്‍ന്ന് പോയിരുന്നു എന്നും പോലീസ് പറയുന്നു. 32കാരനായ ദേബ്കുമാര്‍ വിവാഹം നടത്തി കൊടുത്തില്ലേല്‍ സാറയെ തട്ടിക്കൊണ്ടു പോകും എന്ന് ഭീഷണിയും മുഴക്കിയിരുന്നതായി പോലീസ് പറയുന്നു. പോലീസ് കസ്റ്റഡിയില്‍ ഉള്ള ഇയാള്‍ വിഷാദരോഗത്തിന് ചികിത്സതേടിയിരുന്നു എന്നും പോലീസ് വ്യക്തമാക്കുന്നു. അതേസമയം വിഷയത്തില്‍ സച്ചിന്റെ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല.