പറക്കും എയര്‍ റിക്ഷകള്‍ വരുന്നു ; ട്രാഫിക് കുരുക്കുകളില്‍ നിന്നും രക്ഷപെടാനുള്ള പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി:ഇന്ത്യന്‍ നഗരങ്ങളെ സംബന്ധിച്ചടുത്തോളം ട്രാഫിക് കുരുക്ക് പതിവ് കാഴ്ചയാണ്.പലപ്പോഴും ഇത് ജനങ്ങളെ വല്ലാതെ വാല്യക്കാരുമുണ്ട്.എന്നാല്‍ ഇതിന് മികച്ച പരിഹാരവുമായി പുതിയൊരു പദ്ധതി അവതരിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.

നഗരത്തിലെ ട്രാഫിക് കുരുക്കുകളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ പറക്കും റിക്ഷകള്‍ കൊണ്ടുവരാനാണ് കേന്ദ്ര മന്ത്രാലയം പദ്ധതിയിടുന്നത്. ഗതാഗത സൗകര്യം കൂടുതല്‍ കാര്യക്ഷമമാക്കാനായി ഡ്രോണ്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ റിക്ഷയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ജയന്ത് സിന്‍ഹ അറിയിച്ചു.

രാജ്യത്തെ ഏറ്റവും മികച്ച ഗതാഗത സംവിധാനങ്ങളിലൊന്നാകും എയര്‍ റിക്ഷയെന്നും ഇതുമായി ബന്ധപ്പെട്ട നയങ്ങള്‍ ചര്‍ച്ച ചെയ്ത് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. സിറ്റി ഡാറ്റ ഫോര്‍ ഇന്ത്യ കോണ്‍ക്ലേവ് 2018 ല്‍ കോര്‍പ്പറേറ്റ് ഭീമന്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു മന്ത്രി പുതിയ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കിയത്.

യാത്രാചിലവിനെക്കുറിച്ച് ഒട്ടും ആശങ്കവേണ്ടെന്നും, ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിന് വേണ്ട ചെലവ് മാത്രമാണ് ആകാശറിക്ഷാ യാത്രയ്ക്കും വേണ്ടിവരുകയുള്ളൂ എന്നും, ആയിരക്കണക്കിന് കിലോമീറ്റര്‍ യാത്ര ചെയ്യുന്നതിനാലാണ് വിമാന ടിക്കറ്റ് ഉയര്‍ന്നിരിക്കുന്നതെന്നും സിന്‍ഹ ചൂണ്ടിക്കാട്ടി.

വിദേശ രാജ്യങ്ങളിലേത് പോലെ ഡ്രോണ്‍ ടെക്‌നോളജിയെ രാജ്യത്ത് കൂടുതല്‍ ഉപയോഗപ്പെടുത്തുമെന്നും സിന്‍ഹ പറഞ്ഞു. എന്നാല്‍ എന്നത്തേക്ക് എയര്‍ റിക്ഷ കൊണ്ടുവരാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.