സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന്‍ രാജ്യത്തെ നാണയ നിര്‍മ്മാണം നിര്‍ത്തലാക്കി

ന്യൂഡല്‍ഹി : രാജ്യത്തെ നാണയ നിര്‍മ്മാണം അടിയന്തരമായി നിര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം. ജനുവരി എട്ടിനാണ് നാണയം മിന്റ് ചെയ്യുന്ന നോയ്ഡ, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നീ നാല് സ്ഥലങ്ങളിലെ യൂണിറ്റുകളുടെ ജനറല്‍ മാനേജര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചത്. സംഭരണ ശേഷി കവിഞ്ഞതിനെതുടര്‍ന്ന് നാണയ നിര്‍മ്മാണം നിര്‍ത്തുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്ന് വിവരങ്ങള്‍ ഉണ്ട്. 2500 മില്യണ്‍ നാണയങ്ങളാണ് സര്‍ക്കാരിന്റെ സൂക്ഷിപ്പ് കേന്ദ്രങ്ങളില്‍ ഇപ്പോഴുള്ളത്.

സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് മിന്റ് ചെയ്യുന്നതെങ്കിലും ആര്‍ബിഐയാണ് വിതരണത്തിന് നേതൃത്വം നല്‍കുന്നത്. നിലവില്‍ രാജ്യത്ത് പല സംസ്ഥാനങ്ങളിലും കടുത്ത ചില്ലറ ക്ഷാമം നിലനില്‍ക്കുന്നുണ്ട് അതിന്‍റെ ഇടയിലാണ് നിര്‍മ്മാണം നിര്‍ത്തലാക്കിയിരിക്കുന്നത്. അതേസമയം നിര്‍മാണം നിര്‍ത്തിയത് ക്ഷാമത്തിന് ഇടവരുത്തില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.