ചെരുപ്പില്‍ ക്യാമറ വെച്ച് കലോത്സവത്തിനെത്തിയ സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയയാള്‍ പിടിയില്‍

തൃശ്ശൂര്‍: ചെരിപ്പിനുള്ളില്‍ മൊബൈല്‍ ക്യാമറയൊളിപ്പിച്ച് സ്‌കൂള്‍ കലോത്സവനഗരിയില്‍ കറങ്ങിനടന്ന് സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ആളെ പോലീസ് പിടികൂടി. കലോത്സവ നഗരിയിലെ തിരക്കേറിയ ഇടങ്ങളിലെത്തി സ്ത്രീകളുടെ വസ്ത്രങ്ങള്‍ക്കിടയിലൂടെ ചിത്രങ്ങളെടുക്കുകയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. കുരിയച്ചിറ ചിയ്യാരം സ്വദേശിയായ നാല്പതുകാരനാണ് പിടിയിലായത്.

ഷാഡോ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചെരിപ്പിന്റെ സോളില്‍ ഇടമുണ്ടാക്കി ക്യാമറയുടെ ഭാഗം മാത്രം പുറത്തുകാണുംവിധമാണ് മൊബൈല്‍ ഫോണ്‍ ഘടിപ്പിച്ചിരുന്നത്. മൊബൈലിന് കേടുപറ്റാതിരിക്കാന്‍ ഇരുന്പുകവചമുണ്ടാക്കിയാണ് ചെരിപ്പില്‍ ഘടിപ്പിച്ചത്. മൊബൈലുപയോഗിച്ച് ഇയാള്‍ പകര്‍ത്തിയ നൂറോളം ചിത്രങ്ങള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.