മന്ത്രിക്കും രാഷ്ട്രീയക്കാര്‍ക്കും വേണ്ടി വഴി തടയുമ്പോള്‍ സാധാരണക്കാരന്റെ ജീവന് ഇവിടെ വിലയില്ലാതാകുന്നു (വീഡിയോ)

പ്രമുഖ നഗരങ്ങളില്‍ സര്‍വ്വസാധാരണമായ ഒന്നാണ് ഗതാഗതകുരുക്ക്. വാഹനങ്ങളുടെ ബാഹുല്യം കാരണം പല നഗരങ്ങളിലും മണിക്കൂറുകള്‍ നീണ്ട ഗാതാഗതക്കുരുക്കുകള്‍ ഉണ്ടാകാറുണ്ട്. വാഹനങ്ങള്‍ നൂറു മടങ്ങ്‌ വര്‍ധിച്ചു എങ്കിലും പല റോഡുകളും ഇപ്പോഴും പുരാതനകാലത്തെ നിലയില്‍ തന്നെയാണ്. റോഡുകള്‍ക്ക് താങ്ങുവാന്‍ കഴിയുന്നതിലും പതിന്മടങ്ങ് വാഹനങ്ങള്‍ ആണ് റോഡുകളില്‍ ഉള്ളത്. തോന്നിയത് പോലുള്ള ഡ്രൈവിഗും റോഡ്‌ സൈഡിലെ അനധികൃത പാര്‍ക്കിങ്ങും തന്നെയാണ് മുഖ്യമായും ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാകുവാന്‍ കാരണം. അതേസമയം ഈ വീഡിയോകളില്‍ കാണുന്ന ട്രാഫിക്ക് ബ്ലോക്ക് സര്‍ക്കാര്‍ നിര്‍മ്മിതമായ ഒന്നാണ്. ട്രാഫിക്ക് ബ്ലോക്കില്‍ അകപ്പെട്ടത് അത്യാഹിതങ്ങളില്‍ മനുഷ്യര്‍ക്ക് ഉപകരിക്കപ്പെടെണ്ട ഫയര്‍ എഞ്ചിനും , ആംബുലന്‍സും.

തിരുവനന്തപുരത്ത് ഉള്ളവര്‍ക്ക് ഏറെ പരിചിതമായ ഒന്നാണ് സമരങ്ങളും ജാഥകളും. അതൊക്കെ കാരണം ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാവുക ഇവിടെ സ്ഥിരം പരിപാടിയാണ്. രാജ്ഭവന്‍ മുതല്‍ സെക്രട്ടറിയേറ്റ് വരെ മിക്ക ദിവസങ്ങളിലും ജാഥയോ മാര്‍ച്ചോ കാണുവാന്‍ സാധിക്കുന്ന ഒന്നാണ്. ഇതിനൊക്കെ അനുമതി നല്‍കുന്ന പോലീസ് അവര്‍ക്ക് വേണ്ടി സാധാരണക്കാരെ വഴിയില്‍ തടയുകയും ചെയ്യും. അത്തരത്തില്‍ ഏതോ ഒരു പാര്‍ട്ടി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനു കടന്നു പോകാന്‍ പോലീസ് വഴി തടഞ്ഞത് കാരണം വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടതിനെ തുടര്‍ന്നാണ്‌ ഈ ഫയര്‍ എഞ്ചിന്‍ കിലോമീറ്ററുകളോളം കുടുങ്ങി കിടന്നത്. അത്യാവശ്യഘട്ടത്തില്‍ ഓടി എത്തേണ്ട വാഹനം അന്‍പതുമീറ്റര്‍ കടക്കുവാന്‍ എടുത്തത് ഒന്നരമിനിറ്റ്. പേരൂര്‍ക്കട ശാസ്തമംഗലം റോഡിലാണ് സംഭവം. രണ്ടാമത്തെ വീഡിയോ മന്ത്രിക്ക് പോകാന്‍ പോലീസ് വഴി തടഞ്ഞത് കാരണം കുരുക്കില്‍ പെട്ട് പോയ ഒരു ആംബുലന്‍സും. പൊതുവേ നഗരത്തില്‍ ഏറ്റവും കൂടുതല്‍ ട്രാഫിക് പ്രശ്നം ഉള്ള ഇടമാണ് തമ്പാനൂര്‍ കരമന റോഡ്‌ അവിടെയാണ് വൈകുന്നേരം സമയം കുറച്ചു നേരത്തേയ്ക്ക് പോലീസ് റോഡ്‌ ബ്ലോക്ക് ചെയ്തത്.

എന്നാല്‍ അപ്പോള്‍ തുടങ്ങിയ ബ്ലോക്ക് മാറാന്‍ മണിക്കൂറുകള്‍ എടുത്തു. തൈക്കാട് ആശുപത്രിയില്‍ എത്തിപ്പെടെണ്ട വാഹനങ്ങള്‍ പോലും കുരുക്കില്‍ അകപ്പെട്ടു. അതുപോലെ ഓഖി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി എത്തിയ ദിവസം ഉച്ചയ്ക്ക് 2.30 മുതല്‍ വന്നു പോകുന്നത് വരെ തിരുവനന്തപുരം നഗരം തന്നെ നിശ്ചലമായ അവസ്ഥയില്‍ ആയിരുന്നു. പൊതു ഇടങ്ങളില്‍ ആവശ്യമില്ലാതെ സമ്മേളനങ്ങളും ജാഥകളും പാടില്ല എന്ന കോടതി വിധി ഉണ്ട് എങ്കിലും അതൊന്നും നമ്മുടെ നാട്ടില്‍ ബാധകമല്ല. ഈര്‍ക്കില്‍ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടാല്‍ പോലും ജാഥനടത്താന്‍ അനുവദിക്കുന്ന ഒരു പോലീസ് ആണ് നമ്മുടെ നാട്ടില്‍ ഉള്ളത്. അതുപോലെ നമ്മുടെ മന്ത്രിമാരൊക്കെ സഞ്ചരിക്കാന്‍ വിമാനമോ, ഹേലിക്കോപ്റ്ററോ ഉപയോഗിക്കുന്നതാകും നാട്ടുകാര്‍ക്ക് നല്ലത്.