പശുക്കള്‍ വഴി തടഞ്ഞു ; രണ്ടു വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറയുന്ന ഒരു ജീവിയാണ് പശു. ഗോവധ നിരോധന നിയമം നിലവില്‍ വന്നതിനുശേഷം പശുക്കളെ സംരക്ഷിക്കാന്‍ എന്ന പേരില്‍ ചിലര്‍ കാട്ടിക്കൂട്ടുന്ന പരിപാടികള്‍ മനുഷ്യര്‍ക്ക് സഹിക്കുവാന്‍ കഴിയുന്നതിലും അപ്പുറമാണ്. ഒട്ടേറെ മനുഷ്യ ജീവന്‍ നഷ്ടമാകുവാന്‍ ഈ ജീവി കാരണമായി കഴിഞ്ഞു. അതുപോലെ പൊതു ഇടങ്ങളില്‍ പശുക്കള്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് കാരണം ചില ഇടങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാറുമുണ്ട്. അതുപോലെ റോഡുകളില്‍ പശുക്കള്‍ ഗതാഗതം മുടക്കുന്നത് ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിലും ചില നഗരങ്ങളിലെയും സ്ഥിരം കാഴ്ചയാണ്.

എന്നാല്‍ വിമാനങ്ങള്‍ക്കും രക്ഷയില്ലെന്നാണ് പുതിയ വാര്‍ത്തകള്‍. വ്യാഴാഴ്ച രാവിലെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് രണ്ട് വിമാനങ്ങള്‍ വഴി തിരിച്ച് വിടാന്‍ കാരണവും ഒരു പശുവായിരുന്നു. ഗള്‍ഫില്‍ നിന്ന് വന്ന ഒരു അന്താരാഷ്‌ട്ര യാത്രാ വിമാനവും മറ്റൊരു ചരക്ക് വിമാനവുമാണ് അഹമ്മദാബാദില്‍ ലാന്റ് ചെയ്യാനാവാതെ മുംബൈയിലേക്ക് തിരിച്ചുവിട്ടത്. വാര്‍ത്ത എയര്‍പോര്‍ട്ട് അതോരിറ്റിയും സ്ഥിരീകരിച്ചു. കാര്‍ഗോ സോണിലൂടെ ഒരു പശു റണ്‍വേയില്‍ കയറിയെന്നും എന്നാല്‍ പ്രശ്നം ഉടനെ പരിഹരിച്ചുവെന്നും എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.