കുറ്റിപ്പുറത്ത് വെടിയുണ്ടകളും കുഴിബോംബും വീണ്ടും കണ്ടെത്തി ; ലഭിച്ചത് വെള്ളത്തിനടിയില്‍ നിന്നും

കുറ്റിപ്പുറം : കുറ്റിപ്പുറം പാലത്തിന് താഴെ വീണ്ടും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. ഇരുന്നൂറിലധികം വെടിയുണ്ടകളും കുഴിബോംബുകളുമാണ് കണ്ടെത്തിയത്. ഇത്തവണ വെള്ളത്തിനടിയില്‍ സൂക്ഷിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. കരയോട് ചേര്‍ന്നാണ് കഴിഞ്ഞ ദിവസം സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതെങ്കില്‍ ഇത്തവണ വെള്ളത്തിനടിയിലായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ നിന്ന്‌ ഉഗ്രസ്ഫോടനശേഷിയുള്ള അഞ്ച് കുഴിബോംബുകള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ ദുരൂഹതനീക്കനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇന്ന് തിരച്ചില്‍ നടത്തിയത്. സൈനികര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് നേരത്തെ കണ്ടെത്തിയതെന്ന് നിഗമനമുണ്ടായിരുന്നു.

പാലത്തിന്റെ അഞ്ചാമത്തെയും ആറാമത്തെയും തൂണുകള്‍ക്കിടയില്‍ 30 മീറ്ററോളം മാറി ഉപേക്ഷിച്ച നിലയിലാണ് നേരത്തെ അഞ്ച് ബോംബുകള്‍ കണ്ടെത്തിയത്. സൈന്യം ഉപയോഗിക്കുന്ന മൈനുകളാണ് ഇവയെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. റിമോട്ട് സംവിധാനമുപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്നതായിരുന്നു ബോംബുകള്‍. എന്നാല്‍, ഇത്തരത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങളൊന്നും ഒരുക്കിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിലെ ഒരു വിഭാഗം നിലവില്‍ മുംബൈയിലാണുള്ളത്.