പിണറായി ഹെലികോപ്റ്റർ വിവാദത്തില്‍ കുടുങ്ങാന്‍ കാരണം കരുണാകരന്‍ എന്ന് അഡ്വ : ജയശങ്കര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഹെലികോപ്റ്റർ വിവാദത്തില്‍ കുടുങ്ങുവാന്‍ മുഖ്യകാരണം മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ ആണെന്ന് അഡ്വ : ജയശങ്കര്‍. മുഖ്യമന്ത്രിയായിരിക്കെ കെ.കരുണാകരനെ ഹെലിക്കോപ്ടര്‍ വാങ്ങാന്‍ അന്ന് അനുവദിച്ചിരുന്നെങ്കില്‍ ഇന്നത്തെ ഈ വിവാദം ഉണ്ടാകില്ലായിരുന്നുവെന്ന് ജയശങ്കര്‍ പറയുന്നു. അന്ന് കണ്ണോത്ത് കരുണാകരന്‍ റിസ്‌ക് എടുത്ത് ഒരു ഹെലികോപ്റ്റര്‍ വാങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ ഈ ഓഖി ഫണ്ട് വകമാറ്റി ചെലവഴിച്ച വിവാദം ഉണ്ടാകുമായിരുന്നില്ല എന്നും ജയശങ്കര്‍ പറയുന്നു. തന്‍റെ ഫേസ്ബുക്ക് വഴിയാണ് ജയശങ്കര്‍ പരിഹാസരൂപേണ ഇക്കാര്യങ്ങള്‍ കുറിച്ചത്.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം :

ഹെലികോപ്റ്റർ: ഒരു പഴയ കഥ.

1982ൽ കർണാടക മുഖ്യമന്ത്രി ആർ ഗുണ്ടുറാവു സർക്കാർ ആവശ്യത്തിനായി ഒരു ഹെലികോപ്റ്റർ വാങ്ങി. അവിടത്തെ പ്രതിപക്ഷം അതിനെ എതിർത്തു. ഗുണ്ടുറാവു ഗൗനിച്ചില്ല. ” ഹെലികോപ്റ്ററിൽ പറക്കുന്നത് കർണാടക മുഖ്യമന്ത്രിയാണ്, വെറും ഗുണ്ടുറാവുവല്ല” എന്ന് വ്യക്തമാക്കി.

അതുകണ്ടപ്പോൾ അന്ന്
കേരള മുഖ്യനായിരുന്ന കരുണാകരർജിക്കും ഒരു ഹെലികോപ്റ്റർ വേണമെന്നു തോന്നി.ഇടതുപക്ഷ പാർട്ടികൾ ഘോരമായി എതിർത്തു.

അപ്പോഴേക്കും വേറൊരു ദുരന്തമുണ്ടായി. 1983ആദ്യം നടന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ടു; ഗുണ്ടുറാവു തോറ്റു.

ഗുണ്ടുറാവു ഹെലികോപ്റ്ററിൽ പാറിപ്പറന്നതു കൊണ്ടാണ് കർണാടകം പോയതെന്ന് ചില വക്രബുദ്ധികൾ വ്യാഖ്യാനിച്ചു. ചുരുക്കിപ്പറഞ്ഞാൽ കരുണാകർജിയുടെ കോപ്ടർ മോഹം പൊലിഞ്ഞു. അതുകൊണ്ട് നാളിതുവരെ കേരള മുഖ്യമന്ത്രിക്ക് ഔദ്യോഗിക ഹെലികോപ്റ്റർ ഇല്ല.

അന്ന് കണ്ണോത്ത് കരുണാകരൻ റിസ്‌ക് എടുത്ത് ഒരു ഹെലികോപ്റ്റർ വാങ്ങിയിരുന്നെങ്കിൽ ഇപ്പോൾ ഈ ഓഖിഫണ്ട് വകമാറ്റി ചെലവഴിച്ച വിവാദം ഉണ്ടാകുമായിരുന്നില്ല.