യു പിയില്‍ കക്കൂസുകള്‍ക്കും കാവി നിറം ; കക്കൂസ് നല്‍കിയതിനു സര്‍ക്കാരിനോടുള്ള നന്ദി രേഖപ്പെടുത്തിയത് എന്ന് ഗ്രാമവാസികള്‍

സ്വഛ്ഭാരത് പദ്ധതിയിലൂടെ ലഭിച്ച കക്കൂസുകള്‍ക്ക് കാവി നിറം നല്‍കി നന്ദി പ്രകാശിപ്പിച്ച് ഗ്രാമവാസികള്‍. അഖിലേഷ് യാദവിന്റെ ജില്ലയായ ഇറ്റാവയിൽ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ശൗചാലയങ്ങള്‍ക്കാണ് കാവിനിറം പൂശിയിരിക്കുന്നത്. സ്വഛ്ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി 350ഓളം ശൗചാലയങ്ങളാണ് ഗ്രാമത്തില്‍ പണികഴിച്ചത്. ഗ്രാമവാസികള്‍ ഏകകണ്ഠമായാണ് കാവിനിറം പൂശണമെന്ന തീരുമാനത്തിലെത്തിയത് എന്ന് ഗ്രാമമുഖ്യനായ വേദപാല്‍ പറയുന്നു. നിലവിൽ നൂറെണ്ണത്തിനാണ് കാവി പൂശിയിരിക്കുന്നത്. അവശേഷിക്കുന്ന 250 എണ്ണത്തിനും വരും ദിവസങ്ങളിൽ കാവി പൂശുമെന്ന് ഗ്രാമ മുഖ്യൻ അറിയിച്ചു.

‘വെള്ളനിറം എളുപ്പം അഴുക്കാവും. കാവിനിറത്തിന് ആ പ്രശ്‌നമില്ല’. അതിനാലാണ് കൂട്ടായി എല്ലാവരും കൂടി കാവി തിരഞ്ഞെടുത്തെന്നും അയാള്‍ പറയുന്നു. യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സംസ്ഥാനത്തെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എന്നുവേണ്ട കുട്ടികളുടെ ബാഗുകള്‍ക്കും ബസ്സിനും വരെ കാവി നിറമാണ്. അതുകൊണ്ട് കക്കൂസിനും ഈ നിറം തന്നെ മതി എന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു. ഇതിനു പിന്നില്‍ സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നും നാട്ടുകാര്‍ പറയുന്നു.