ശ്രീജിത്തിന്‍റെ നീതിക്ക് വേണ്ടി ട്രോളന്മാരുടെ കൂട്ടായ്മ സമരം ; 14 നു സെക്രട്ടറിയേറ്റ് പടിക്കല്‍

സ്വന്തം സഹോദരന്‍ പോലീസ് ലോകകപ്പില്‍ ദുരൂഹമായി മരിച്ചതിനെത്തുടര്‍ന്ന് സഹോദരന്റെ കൊലയാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ 762 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ശ്രീജിത്ത്‌ എന്ന യുവാവിന് പിന്തുണ പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാരുടെ കൂട്ടായ്മ. വരുന്ന ഞായറാഴ്ച്ചയാണ് ശ്രീജിത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ സെക്രട്ടറിയേറ്റ് പടിക്കല്‍ എത്തുന്നത്. ഒരു പാര്‍ട്ടിയുടെയോ സംഘടനയുടെയോ പിന്തുണയില്ലാതെയാണ് ഇവര്‍ ഇവിടെ എത്തുന്നത്. ശ്രീജിത്തിന്‍റെ സമരം 400 ദിവസം പിന്നിട്ട സമയം മലയാളീ വിഷന്‍ വാര്‍ത്ത‍ നല്‍കുകയും അത് ശ്രദ്ധയില്‍പ്പെട്ട പൂഞ്ഞാര്‍ എം എല്‍ എ ശ്രീ പി സി ജോര്‍ജ്ജ് യുവാവിനെ നീരില്‍ പോയി കണ്ടു വിവരങ്ങള്‍ അറിയുകയും തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാർച്ച് 14 ആം തിയതി ഈ വിഷയം കേരള നിയമസഭയുടെ ശ്രദ്ധയിൽ സബ്മിഷനായി കൊണ്ടുവരികയും ചെയ്തിരുന്നു.

തുടര്‍ന്ന്‍ ആ സബ്മിഷനുള്ള മറുപടിയിൽ ഈ വിഷയം ഗൗരവമായി എടുക്കുമെന്നും അന്വേഷണം ഉടൻ പ്രഖ്യാപിക്കുമെന്നും നിയമസഭയിൽ മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ശ്രീ എ കെ ബാലൻ ഉറപ്പ് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ജൂൺ 14 ആം തിയതി ഈ കേസ് CBI ക്ക് വിട്ടുകൊണ്ട് ഗവൺമെന്റ് ഓഡർ ആയിട്ടുണ്ടെങ്കിലും നാളിതുവരെയായും CBI ഈ കേസ് ഏറ്റെടുക്കുകയൊ, കേസ് ഏറ്റെടുക്കണമെന്ന് പറഞ്ഞ് സംസ്ഥാന സർക്കാർ സമ്മർദ്ധം ചെലുത്തുകയോ ചെയ്തിട്ടില്ല. നിയമസഭയിൽ വന്ന ഒരു വിഷയം ആയത് കൊണ്ട് മാത്രമാണ് ഗവൺമെന്റിന് ഇതിലൊരു ഓഡർ ഇടണ്ടി വന്നത്. ഓഡർ ഇട്ടതല്ലാതെ യാതൊരു നടപടിയും ഉണ്ടായില്ല. എന്നാൽ ഈ മാസം 22 ആം തിയതി ആരംഭിക്കുന്ന കേരള നിയമസഭാ സമ്മേളനത്തിൽ ഈ വിഷയം വീണ്ടും ശക്തമായി ഉന്നയിക്കുവനാണ് പാര്‍ട്ടി തീരുമാനം.

പോലീസുദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടിയെ സ്‌നേഹിച്ചതിന്റെ പേരിലാണ് ശ്രീജിത്തിന്‍റെ സഹോദരനെ പോലീസ് കൊലപ്പെടുത്തിയത് എന്ന് പറയപ്പെടുന്നു. ഇവരുടെ നാട്ടുകാരായ നാലു പോലീസുകാരാണ് യുവാവിനെ മര്‍ദ്ദിച്ചതും കൊന്നതും. അവരെല്ലാം കൂടി കൊന്നുകളഞ്ഞ കൂടപ്പിറപ്പിന് വേണ്ടി നീതി തേടിയാണ് ശ്രീജിത്ത് രണ്ടരവര്‍ഷമായി തെരുവില്‍ കിടക്കുന്നത്. അതേസമയം കൊലയാളികളായ പോലീസുകാര്‍ പ്രമോഷനും വാങ്ങി സുഖജീവിതം നയിക്കുകയാണ് ഇപ്പോള്‍. പാറശാല സ്റ്റേഷനില്‍ എഎസ്‌ഐ ആയിരുന്ന ഫിലിപ്പോസിന്റെ ബന്ധുവായ ഒരു പെണ്‍കുട്ടിയുമായി ശ്രീജിത്തിന്‍റെ സഹോദരന്‍ ശ്രീജീവ് പ്രണയത്തിലായിരുന്നതാണ് ഈ ക്രൂരമായ കൊലപാതകത്തിലെ പോലീസിനെ നയിച്ചതെന്ന ശ്രീജിത്തിന്റെ ആരോപണം ജസ്റ്റിസ് നാരായണ കുറുപ്പിന്റെ റിപ്പോര്‍ട്ട് ശരിവച്ചിട്ടുണ്ട്. ശ്രീജീവിനെ മര്‍ദ്ദിച്ചത് അന്നത്തെ പാറശാല സിഐ ഗോപകുമാറും എഎസ്‌ഐ ഫിലിപ്പോസും ചേര്‍ന്നാണെന്നും ഇതിന് സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രതാപചന്ദ്രന്‍, വിജയദാസ് എന്നിവര്‍ സഹായിച്ചുവെന്നും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൂടാതെ മരണവുമായി ബന്ധപ്പെട്ട് മഹ്‌സര്‍ തയ്യാറാക്കിയ എസ്‌ഐ ഡി ബിജുകുമാര്‍ വ്യാജരേഖ ചമച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ട് പറയുന്നു.

ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശം. കൂടാതെ ശ്രീജിത്തിനും അമ്മയ്ക്കും 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഈ തുക കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഈ ഉത്തരവിന്റെ കോപ്പി സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്ക് ലഭിച്ച് ആറ് ആഴ്ചയ്ക്കുള്ളില്‍ നഷ്ടപരിഹാര തുക അനുവദിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. 2016 മെയ് മാസം 17നാണ് പോലീസ് കംപ്ലെയ്ന്റ് അതോറിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. എന്നാല്‍ പോലീസുകാര്‍ കുറ്റക്കാരായ കേസില്‍ പോലീസില്‍ നിന്നും നീതി കിട്ടില്ലെന്ന സാധാരണക്കാരന്റെ വിശ്വാസത്തില്‍ അതിന് മുമ്പേ തന്നെ ശ്രീജിത്ത് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമരം ആരംഭിച്ചിരുന്നു.

ഫോട്ടോസ് : ആനന്ദ് കൃഷ്ണ