സുപ്രീംകോടതിയുടെ പ്രവര്‍ത്തനം ശരിയായ ദിശയില്‍ അല്ല ; രാജ്യത്തെ ഭരണം കുത്തഴിഞ്ഞ അവസ്ഥയില്‍ എന്ന് മുതിര്‍ന്ന ജഡ്ജിമാര്‍

ന്യൂഡല്‍ഹി : കോടതികള്‍ നിര്‍ത്തി വെച്ച് ജഡ്ജിമാര്‍ ഇറങ്ങി വന്നു മാധ്യമങ്ങളെ കണ്ടു. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ഇതുവരെ സംഭവിക്കാത്ത തരത്തിലുള്ള നാടകീയമായ രംഗങ്ങള്‍ക്കാണ് ഇന്ന് രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്. ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ചന്‍ ഗോഗോയ്, ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ എന്നിവരാണ് കോടതി നിര്‍ത്തിവെച്ച് മാധ്യമങ്ങളെ കണ്ടത്. രാജ്യ താല്‍പര്യം നീതി പൂര്‍വ്വം നടത്താനുള്ള ശ്രമങ്ങള്‍ക്ക് വെല്ലുവിളി ഉണ്ടെന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ തുറന്നടിച്ചു. സ്വാധീനിക്കപ്പെടാത്ത നീതിന്യായ വ്യവസ്ഥ ജനാധിപത്യത്തില്‍ അത്യാവശ്യമാണ്, സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞ അവസ്ഥയിലാണെന്നും ജഡ്ജിമാരെ പ്രതിനിധീകരിച്ച് ജസ്റ്റിസ് ജെ ചെലമേശ്വര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ഞങ്ങള്‍ ആത്മാവിനെ വിറ്റുവെന്ന് നാളെ ജ്ഞാനികള്‍ കുറ്റപ്പെടുത്തരുത്. ചീഫ് ജസ്റ്റിസ് തുല്യരില്‍ ഒരാള്‍ മാത്രമാണ്. അദ്ദേഹത്തിന്‍റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ട്. കേസുകള്‍ ജഡ്ജിമാര്‍ക്ക് വീതിച്ച് നല്‍കുന്നതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല. ഇത് സുപ്രിം കോടതിയുടെ ആത്മാര്‍ത്ഥതയെ ഇല്ലാതാക്കി.

രണ്ടു മാസങ്ങല്‍ക്കു മുന്‍പ് ഞങ്ങള്‍ ചീഫ് ജസ്റ്റിസിന് ഒരു കത്തു നല്‍കിയിരുന്നു. ഒരു പ്രത്യേക കാര്യം ആവശ്യപ്പെടുകൊണ്ടുള്ളതായിരുന്നു അത്. ഇന്നു രാവിലെയും അക്കാര്യങ്ങളുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസിനെ കണ്ടിരുന്നു. എന്നാല്‍ ആ ചര്‍ച്ചയും പരാജയപ്പെടുകയായിരുന്നു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിയത് എന്നും അവര്‍ പറയുന്നു. സൊറാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സിബിഐ ജഡ്ജ് ബ്രിജ്‌ഗോപാല്‍ ഹരികിഷന്‍ ലോയ 2014ല്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് മരണത്തില്‍ വ്യക്തതവരുത്തണമെന്നാവശ്യപ്പെട്ട് അന്ന് ചെലമേശ്വര്‍ അടക്കമുള്ള നാല് ജഡ്ജമാര്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. ഈ കത്തിനെക്കുറിച്ചാണ് ജഡ്ജിമാര്‍ സൂചിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഈ കത്ത് ഇന്ന് മാധ്യമങ്ങള്‍ക്കു നല്‍കുകയും ചെയ്തു. അതേസമയം ചീഫ് ജസ്റ്റിസുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ എണ്ണിപ്പറയാന്‍ ജഡ്ജിമാര്‍ തയ്യാറായില്ല. സുതാര്യതയില്ലെങ്കില്‍ ജനാതിപത്യം തകരും. നീതിന്യായ വ്യവസ്ഥയുടെ മഹത്വമുയര്‍ത്താനാണ് തങ്ങളുടെ പ്രതിഷേധം. തങ്ങള്‍ നിശബ്ദരായിരുന്നുവെന്ന് നാളെ ചരിത്രം പറയരുത്. രാഷ്ട്രീയ പ്രവര്‍ത്തകരെ പോലെ കൂടുതല്‍ പ്രതികരിക്കാനാവില്ലെന്നും ജസ്റ്റിസ് ജെ ചെലമേശ്വര്‍ പ്രതികരിച്ചു. സംഭവിക്കാന്‍ പാടില്ലാത്തതാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. മുതിര്‍ന്ന അംഗങ്ങള്‍ എന്ന നിലയില്‍ കോടതിയോടും രാജ്യത്തോടും ചില കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. പക്ഷപാതിത്വമില്ലാത്ത കോടതിയാണ് ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറ. എന്നാല്‍ ക്രമരഹിതമായ പ്രവര്‍ത്തനങ്ങളാണ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അവര്‍ പറഞ്ഞു.