കാമുകനോടുള്ള പക തീര്‍ക്കാന്‍ യുവതി കാമുകന്‍റെ അമ്മയെ വിഷം കൊടുത്തു കൊലപ്പെടുത്തി

ന്യൂയോര്‍ക്ക്: കാമുകനോടുള്ള പക തീര്‍ക്കാന്‍ കാമുകന്‍റെ അമ്മയെ വിഷം നല്‍കി കൊലപ്പെടുത്തിയ യുവതിക്ക് 23 വര്‍ഷം തടവ് ശിക്ഷ. ന്യൂയോര്‍ക്ക് സ്വദേശിനിയായ കേയ്റ്റിലിനെയാണ് കോടതി 23 വര്‍ഷം തടവിന് വിധിച്ചത്. 2015ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വാത സംബന്ധമായ രോഗങ്ങള്‍ക്ക് ചികില്‍സ ചെയ്യുന്ന കേന്ദ്രത്തിന്റെ ഉടമയും മുന്‍ കാമുകന്റെ അമ്മയുമായ മേരി യോഡര്‍ എന്ന അറുപത്കാരിയെയാണ് കേയ്റ്റ്ലിന്‍ വിഷം കൊടുത്ത് കൊന്നത്. വാത രോഗത്തിന് ഉപയോഗിക്കുന്ന മരുന്ന് ഉപയോഗിച്ചായിരുന്നു കൊലപാതകം നടത്തിയത്. വയറിളക്കവും ഛര്‍ദ്ദിലിനെയും തുടര്‍ന്ന് മേരിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ രോഗകാരണത്തെക്കുറിച്ചുള്ള വിശദമായ പരിശോധനയാണ് വിഷബാധ കണ്ടെത്തുന്നത്. ഏറെ നാളുകള്‍ മേരി യോഡര്‍ ആശുപത്രിയില്‍ ചികിത്സ നല്‍കിയിട്ടും മേരി യോഡര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

മേരിയുടെ മരണത്തെ തുടര്‍ന്ന് കേയ്റ്റ്ലിന്‍ സമൂഹ മാധ്യമങ്ങളില്‍ നടത്തിയ പരാമര്‍ശമായിരുന്നു കേസില്‍ ഇവരെ സംശയിക്കാന്‍ കാരണമായത്. മേരി യോഡറിന്റെ മകന്റെ കാമുകിയായിരുന്നു കേയ്റ്റ്ലിന്‍. കേയറ്റ്ലിനെ കുടുംബത്തിന് പരിചയപ്പെടുത്തിയതിന് വലിയ വില നല്‍കേണ്ടി വന്നുവെന്ന് മകന്‍ ആദം യോഡര്‍ വിധിയ്ക്ക് ശേഷം പ്രതികരിച്ചു. കേയ്റ്റ്ലിന് മാതാവിന്റെ സ്ഥാപനത്തില്‍ ജോലി നല്‍കിയത് തന്റെ പിഴയായിരുന്നുവെന്നും മാതാവിന്റെ ദയനീയ മരണത്തിന് താന്‍ കൂടി ഉത്തരവാദിയാണെന്നും ആദം പറഞ്ഞു. എന്നാല്‍ താന്‍ നിരപരാധിയാണെന്നായിരുന്നു കേയ്റ്റ്ലിന്റെ പ്രതികരണം. ന്യൂയോര്‍ക്കിലെ യൂട്ടിക്കാ കോടതിയാണ് കേയ്റ്റ്ലിന് 23 വര്‍ഷത്തെ തടവ് വിധിച്ചത്. കാമുകനുമായുള്ള തെറ്റിധാരണയാണ് കാമുകന്റെ മാതാവിന്റെ കൊലപാതകത്തിലേയ്ക്ക് എത്തിച്ചതെന്നാണ് കണ്ടെത്തല്‍.