തന്നിലെ ഫെമിനിസ്റ്റിനെ ഉണര്‍ത്തിയത് ഒരു പൊരിച്ച മീന്‍ എന്ന് റിമാ കലിങ്കല്‍ ; നടിമാരെ കാണുന്നത് ഉപകരണങ്ങളായിട്ട് മാത്രം

തിരുവനന്തപുരം : മലയാള സിനിമയില്‍ സ്ത്രീ പുരുഷ വിവേചനം നിലനില്‍ക്കുന്നു എന്ന് കാട്ടി നടിമാര്‍ രംഗത്ത് വരാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. പാര്‍വതി, സജിതാ മഠത്തില്‍, റിമാ കലിങ്കല്‍, പത്മപ്രിയ, രമ്യാ നമ്പീശന്‍ എന്നിങ്ങയുള്ള നടിമാരാണ് മുഖ്യമായും ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. കൊച്ചിയില്‍ ഓടുന്ന കാറില്‍ ഒരു നടി പീഡനത്തിന് ഇരയായത്തിനു ശേഷമാണ് ഇവരുടെ പ്രതികരണങ്ങള്‍ കൂടുതല്‍ ശക്തമായി മാറിയത്. ഇതിനെ തുടര്‍ന്ന് ശക്തമായ സൈബര്‍ ആക്രമണമാണ് ഇവര്‍ക്ക് എതിരെ ഉയരുന്നത്. എന്നാല്‍ അതിലൊന്നും അടിപതറാതെ തങ്ങളുടെ നിലപാടുകളില്‍ തന്നെ നിലകൊള്ളുകയാണ് ഇവര്‍ എല്ലാം തന്നെ. അതേസമയം ഇത്തരം അനീതികള്‍ക്ക് എതിരെ ആദ്യമായി ശബ്ദം ഉയര്‍ത്താന്‍ തന്നെ പ്രേരിപ്പിച്ചത് വീട്ടില്‍ ഉണ്ടാക്കിയ പൊരിച്ച മീനായിരുന്നു എന്ന് റിമ പറയുന്നു.

തിരുവനന്തപുരത്ത് നടന്ന ടെഡ് ടോക്കില്‍ മലയാള സിനിമയില്‍ നിലനില്‍കുന്ന ലിംഗ വിചേനത്തെക്കുറിച്ച് റിമ തുറന്നടിച്ചത്. താന്‍ ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങിയത് ഒരു മീന്‍ പൊരിച്ചതിന്റെ പേരിലാണ്. കുട്ടിക്കാലത്ത് വീട്ടില്‍ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ അമ്മ ഒരിക്കലും എല്ലാവര്‍ക്കുമൊപ്പമിരുന്ന് കഴിക്കാറില്ല. ഒരു ദിവസം ഭക്ഷണത്തിനൊപ്പം മൂന്ന് മീന്‍ പൊരിച്ചത് അമ്മ വിളമ്പി. അത് കൂട്ടത്തിലെ ഏറ്റവും മുതിര്‍ന്ന ആള്‍ക്കും രണ്ട് പുരുഷന്മാര്‍ക്കുമായിരുന്നു റിമ പറയുന്നു. പന്ത്രണ്ട് വയസ്സുകാരിയായ തനിക്ക് അന്ന് മീന്‍ പൊരിച്ചത് കിട്ടിയില്ല. അത് എന്തുകൊണ്ടാണ് എന്ന് താന്‍ ചോദിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. കാരണം തന്റെ അമ്മയ്‌ക്കൊരിക്കലും മീന്‍ പൊരിച്ചത് കിട്ടിയിട്ടില്ല. സ്‌കൂളില്‍ ആണ്‍കുട്ടികള്‍ സ്‌പോര്‍ട്‌സ് ക്യാപ്റ്റനും പെണ്‍കുട്ടികള്‍ വൈസ് ക്യാപറ്റനും ആവുകയായിരുന്നു പതിവ്. താനടക്കമുള്ളവര്‍ അത് ചോദ്യം ചെയ്തതോടെ ആ സ്ഥിതി മാറി.

എന്നാല്‍ പുറത്തുള്ള യഥാര്‍ത്ഥ ലോകത്തേക്ക് വന്നതോടെയാണ് കാര്യങ്ങള്‍ സ്‌കൂളിലോ വീട്ടിലോ പോലെ എളുപ്പമല്ലെന്ന് മനസ്സിലായത്. താന്‍ ജോലി ചെയ്യുന്നത് ചോദ്യം ചെയ്താല്‍ നിരോധനം ഏര്‍പ്പെടുത്തുന്ന മേഖലയിലാണ്. താന്‍ സിനിമയില്‍ അഭിനയിക്കുന്നതിനൊപ്പം ടിവി ഷോ അവതാരക കൂടിയായിരുന്നു. തിയറ്റര്‍ ഉടമകളുടെ സംഘടന ഒരിക്കല്‍ തന്നോടത് പറ്റില്ലെന്ന് പറഞ്ഞു. എന്തുകൊണ്ട് പറ്റില്ലെന്ന് തിരിച്ച് ചോദിച്ചതോടെ തനിക്ക് വിലക്കായി. അന്ന് വൈകിട്ടത്തെ വാര്‍ത്തയിലാണ് വിലക്ക് വന്ന കാര്യം താന്‍ അറിയുന്നത് പോലും. എന്നാല്‍ താന്‍ ആ വിലക്കിനെ ചോദ്യം ചെയ്തു. അതിജീവിക്കുകയും ചെയ്തു.എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ തിരിച്ച് ചോദിക്കാത്ത നിരവധി സ്ത്രീകളും ഉണ്ട്. മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ചപ്പോള്‍ ആദ്യം കേട്ട വാക്കുകള്‍ അഡ്ജസ്റ്റ് ചെയ്യുക, കോംപ്രമൈസ് ചെയ്യുക, തല കുനിച്ച് നില്‍ക്കുക എന്നതൊക്കെയാണ്. നടികളോട് സിനിമ ആവശ്യപ്പെടുന്നത് ഇതൊക്കെയാണ്. സമൂഹം നമ്മളെ എങ്ങനെയൊക്കെ കാണണം എന്ന് ആഗ്രഹിക്കുന്നുവോ അതുപോലെയാവാന്‍ ശ്രമിക്കുന്നുവെന്ന് റിമ കല്ലിങ്കല്‍ അഭിപ്രായപ്പെട്ടു.

അതുപോലെ എല്ലാ വര്‍ഷവും സിനിമയിലേക്ക് നൂറ് കണക്കിന് പുതിയ നടിമാര്‍ വരുന്നുണ്ട്. പക്ഷേ സിനിമാ ലോകം അടക്കി ഭരിക്കുന്ന പത്തോളം പേരുടെ പെയറായി മാത്രമാണ് അവര്‍ക്ക് അഭിനയിക്കാന്‍ സാധിക്കുന്നത്. എത്ര നാള്‍ സ്ത്രീകള്‍ ഇതുപോലെ തല കുനിച്ച് നില്‍ക്കും, എത്ര നാള്‍ നിശബ്ദരായിരിക്കാന്‍ സാധിക്കുമെന്നും റിമ ചോദിച്ചു. ഈ നിശബ്ദതയെ ഭേദിക്കാന്‍ എന്താണ് വേണ്ടതെന്നും റിമ ചോദിക്കുന്നു. 20 മുതല്‍ 70 വരെ പ്രായമുള്ള ഒരു പുരുഷ താരം, വിവാഹിതനായാലും അല്ലെങ്കിലും കുട്ടികളും പേരക്കുട്ടികളും ഉണ്ടെങ്കിലും അവര്‍ക്ക് വേണ്ടി സിനിമകളുണ്ടാവുന്നു, അവര്‍ക്ക് വേണ്ടി കഥാപാത്രങ്ങളുണ്ടാകുന്നു. വ്യക്തിജീവിതം പുരുഷനെ കരിയറില്‍ ബാധിക്കുന്നേ ഇല്ല. എന്നാല്‍ നടിമാര്‍ക്കാവട്ടെ, വിവാഹം കഴിയുന്നതും വിവാഹമോചനം നേടുന്നതും കുട്ടി ഉണ്ടാവുന്നതെല്ലാം കരിയറിനെ ബാധിക്കുന്നുവെന്നും റിമ കൂട്ടിച്ചേര്‍ത്തു. ഇക്കാലത്തും സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്ക് ലഭിക്കുന്നതിന്റെ മൂന്നിലൊന്ന് പ്രതിഫലം മാത്രമാണ് ലഭിക്കുന്നത്. നടിമാര്‍ക്ക് സാറ്റലൈറ്റ് വാല്യു ഇല്ലെന്നും ബോക്‌സ് ഓഫീസിലെ വിജയത്തില്‍ ഒരു പങ്കുമില്ലെന്നാണ് അവര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ നടിമാര്‍ക്ക് നല്‍കുന്ന പണം കൊണ്ട് സെറ്റില്‍ കുറച്ച് ഫര്‍ണിച്ചര്‍ വാങ്ങിയിടാമായിരുന്നില്ലേ എന്ന് റിമ പരിസഹിക്കുന്നു. നടിമാരെ കാണുന്നത് ഉപകരങ്ങളായിട്ട് മാത്രമാണെന്നും റിമ കുറ്റപ്പെടുത്തി.