നടി ആക്രമിക്കപ്പെട്ട കേസ് ദിലീപിന്‍റെ വാദം കോടതി അംഗീകരിച്ചു ; കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന് കോടതി

കൊച്ചി : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായി സമര്‍പ്പിച്ച കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന് കോടതി. അങ്കമാലി ഒന്നാം ക്ലാസ് കോടതിയാണ് ഇതു സംബന്ധിച്ച് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചത്. അതേസമയം, ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 22ലേക്ക് മാറ്റി. അതേസമയം മെമ്മറി കാര്‍ഡില്‍ നിന്നും ലഭിച്ച നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയാണ് 22ലേക്ക് മാറ്റിവെച്ചത്. ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. കേസിലെ സുപ്രധാന തെളിവാണ് ഈ ദൃശ്യങ്ങള്‍.

തനിക്കെതിരെയുള്ള കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ വന്നത് ചൂണ്ടിക്കാണിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചിരുന്നത്. വിവരങ്ങള്‍ അന്വേഷണ സംഘം മന:പൂര്‍വം ചോര്‍ത്തി നല്‍കുകയായിരുന്നെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. എന്നാല്‍ വിവരങ്ങള്‍ ചോര്‍ത്തിയത് പ്രതികള്‍ തന്നെയാണെന്നാണ് പോലീസ് കോടതിയില്‍ പറഞ്ഞത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്താനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.