ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്താന്‍ ഉദ്ദേശിയ്ക്കുന്ന പരിഷ്‌കാരങ്ങള്‍ പ്രവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിയ്ക്കും: നവയുഗം

ദമ്മാം: ഇന്ത്യന്‍ പൗരന്മാര്‍ക്ക് നല്‍കുന്ന പാസ്സ്‌പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്താന്‍ ഉദ്ദേശിയ്ക്കുന്ന പുതിയ പരിഷ്‌കാരങ്ങള്‍ പ്രവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിയ്ക്കുമെന്ന് നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി വിലയിരുത്തി.

വിദ്യാഭ്യാസം കുറഞ്ഞവര്‍ക്ക് ഓറഞ്ചു നിറത്തില്‍ പാസ്സ്പോര്‍ട്ട് നല്‍കുന്നത് വ്യക്തമായ വര്‍ഗ്ഗവിവേചനമാണ്.
വിദ്യാഭ്യാസം കുറഞ്ഞ പാവപ്പെട്ടവനെ പിടിച്ചുപറിയ്ക്കുന്ന വിമാനത്താവളത്തിലെ കസ്റ്റംസ്,എക്സൈസ് താപ്പാനകള്‍ക്ക്, നിറം മാറിയ പാസ്സ്‌പോര്‍ട്ടുകള്‍ ഒരു അനുഗ്രഹമാകും എന്നതിലും സംശയമില്ല.

നിര്‍ദ്ദേശിയ്ക്കപ്പെട്ട മാറ്റങ്ങളില്‍ പ്രവാസികള്‍ക്ക് ഏറ്റവും ഹാനികരമായത്, പാസ്സ്‌പോര്‍ട്ടിലെ അവസാനപേജ് നീക്കം ചെയ്യാനുള്ള തീരുമാനമാണ്. ഈ പേജില്‍ അഡ്രസ്, മാതാപിതാക്കളുടെ പേര്, ഭാര്യ/ഭര്‍ത്താവിന്റെ പേര് എന്നിങ്ങനെ വിലപ്പെട്ട ചില വിവരങ്ങള്‍ ഉണ്ട്. കുടുംബത്തെ ഗള്‍ഫില്‍ കൊണ്ടുവരാനായി ഫാമിലി വിസയ്ക്കും, വിസിറ്റിങ് വിസയ്ക്കും നടന്നിട്ടുള്ള പ്രവാസികള്‍ക്കറിയാം പാസ്‌പ്പോര്‍ട്ടിലെ ആ അവസാനപേജിന്റെ പ്രയോജനം. ഇന്നയാള്‍ തന്റെ ഭാര്യ/ഭര്‍ത്താവ് ആണ്, അല്ലെങ്കില്‍ മാതാവ്/പിതാവ് ആണ് എന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റിന് തുല്യമായ മൂല്യമാണ് പാസ്പോര്‍ട്ടിലെ ആ അവസാന പേജ് എന്‍ട്രിയ്ക്ക് ഗള്‍ഫ് അധികാരികള്‍ നല്‍കുന്നത്. ആ പേജ് ഇല്ലാതാകുന്നതോടെ, പ്രവാസികള്‍ക്ക് ഫാമിലി/വിസിറ്റ് വിസ അപേക്ഷ പ്രോസസ്സ് കൂടുതല്‍ സങ്കീര്‍ണ്ണമാകും. പലയിടത്തും പ്രവാസികള്‍ അഡ്രസ്സ് പ്രൂഫായും ഉപയോഗിയ്ക്കുന്നത് പാസ്സ്‌പോര്‍ട്ടിലെ അവസാനപേജാണ്. ആ സൗകര്യവും ഇല്ലാതാകും.

സുരക്ഷയ്ക്ക് വേണ്ടിയാണ് അവസാനപേജ് ഇല്ലാതാക്കുന്നത് എന്നാണ് സര്‍ക്കാരിന്റെ വാദം. 500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍ മുഴുവന്‍ ബ്ലാക്ക്മാര്‍ക്കറ്റില്‍ കിട്ടുന്ന ഒരു രാജ്യത്താണ് സര്‍ക്കാരിന്റെ ഈ ആശങ്ക എന്നത് വലിയൊരു തമാശയാണ്. ഇത്രകാലം ആവശ്യമില്ലാതിരുന്ന സുരക്ഷ ആശങ്ക, ഇപ്പോള്‍ സര്‍ക്കാരിന് പെട്ടെന്ന് ഉണ്ടായതിനു പിന്നിലെ ചേതോവികാരവും സംശയാസ്പദമാണ്. ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ടിനെ കാവിയണിയിയ്ക്കുക എന്ന സംഘപരിവാര്‍ ആഗ്രഹത്തിനപ്പുറം, മറ്റെന്തൊക്കെയോ അജണ്ട ഇതിനു പിന്നിലുണ്ടോ എന്ന് സംശയിയ്‌ക്കേണ്ടി ഇരിയ്ക്കുന്നു.

ഇത്തരം തുഗ്ലക്ക് പരിഷ്‌കാരങ്ങളിലൂടെ സാധാരണജനങ്ങളെ ബുദ്ധിമുട്ടിയ്ക്കുന്ന ഏര്‍പ്പാട് മോഡി സര്‍ക്കാര്‍ അവസാനിയ്ക്കണെമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പത്രപ്രസ്താവനയിലൂടെ പറഞ്ഞു.