പ്ലേഗിനെക്കാള്‍ ഭീകരമായ ഒരു അസുഖം ; ബ്ലീഡിങ് ഐ ഫീവര്‍ പേടിയില്‍ ലോകം ; ആഫ്രിക്കയില്‍ രോഗം പടര്‍ന്നു പിടിക്കുന്നു

പ്ലേഗിനെക്കാള്‍ ഭീകരം എന്ന് പറയുന്ന ഒരു അസുഖം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുന്നു എന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്. ബ്ലീഡിംഗ് ഐ ഫീവര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ രോഗം ബാധിച്ച് സുഡാനില്‍ കഴിഞ്ഞ ഡിസംബറില്‍ മൂന്നുപേര്‍ മരിച്ചിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ഉഗാണ്ടയിലും സമാനരോഗത്തെ തുടര്‍ന്ന് ഒന്‍പത് വയസുകാരി മരിച്ചതോടെയാണ്‌ ലോകാരോഗ്യ സംഘടന പോലും അസുഖത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞത്. കടുത്ത പനി മാത്രമല്ല ഈ അസുഖം വരുന്നവരുടെ കണ്ണില്‍ നിന്നും രക്തം വാര്‍ന്നു പോകുന്നതാണ് രോഗ ലക്ഷണം. അതിനാലാണ് ബ്ലീഡിങ് ഐ ഫീവര്‍ എന്ന് അറിയപ്പെടുന്നതെന്നാണ് വിലയിരുത്തല്‍. ഈ രോഗം പടര്‍ന്നു പിടിക്കുന്നത് വന്‍ വിപത്തുണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

കൊതുകുകള്‍ അല്ല ചെള്ളില്‍ നിന്നാണ് രോഗം പടരുന്നതെന്നാണ് വിലയിരുത്തലുകള്‍. സാധാരണ പനിക്കൊപ്പം ശരീര വേദന, തലവേദന, ഛര്‍ദി, വയറിളക്കം തുടങ്ങിയവയാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ രക്തം ഛര്‍ദിക്കുന്നതിനൊപ്പം കണ്ണില്‍ നിന്നും മറ്റ് സ്വകാര്യ ഭാഗങ്ങളില്‍ രക്തസ്രാവമുണ്ടാകുകയും ചെയ്യുന്നു. രോഗം പിടിപ്പെട്ടാല്‍ മരിക്കാനുള്ള സാധ്യത 40 ശതമാനത്തില്‍ ഏറെയാണ്. രോഗ ബാധിതനുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. ഇപ്പോള്‍ തന്നെ 60 പേരില്‍ രോഗബാധയുള്ളതായാണ് കരുതുന്നത്. കൂടുതല്‍ നിരീക്ഷണത്തിനായി ഇവര്‍ സുഡാന്‍ ഹെല്‍ത്ത് കെയര്‍ മിഷന്റെ പരിചരണത്തില്‍ കഴിയുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.