രണ്ട് തരം പാസ്‌പോര്‍ട്ട്; പ്രവാസി അഭിഭാഷകര്‍ നിയമ പോരാട്ടത്തിന്

ദുബായ്: ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് രണ്ടുതരം പാസ്‌പോര്‍ട്ട് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രവാസികള്‍ നിയമപോരാട്ടത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുഴുവന്‍ സംസ്ഥാനങ്ങളിലെയും ഹൈക്കോടതികളില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്യുമെന്നാണ് അഭിഭാഷകരെ ഉദ്ധരിച്ചു അഡ്വ. മുസ്തഫ സഫീര്‍ പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ പതിനാലിന് ലംഘനമാണ് ഇതെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതക്കുള്ള അവകാശത്തെ തകര്‍ക്കുന്നതാണ് രണ്ടുതരം പാസ്‌പോര്‍ട്ടെന്ന ആശയമെന്നും ലോക കേരള സംഭാംഗം കൂടിയായ അഡ്വ. മുസ്തഫ പറഞ്ഞു. വിദേശത്ത് താമസിക്കുന്ന ഒരു ഇന്ത്യന്‍ പൗരന് അവന്റെ മൗലിക അവകാശത്തിന്മേല്‍ ലംഘനം ഉണ്ടായാല്‍ ആര്‍ട്ടിക്കിള്‍ 226 പ്രകാരം ഹൈക്കോടതികളില്‍ റിട്ട് ഹര്‍ജി നല്‍കാമെന്നും അതില്‍ കോടതികള്‍ക്ക് ഇടപെടാമെന്നുള്ളതു ഇന്ത്യക്കാര്‍ കണ്ടതാണെന്നും വിമാനത്താവളത്തിലെ യുസേഴ്‌സ് ഫീ പരാമര്‍ശിച്ചു അദ്ദേഹം പറഞ്ഞു.

ഗള്‍ഫില്‍ സന്ദര്‍ശക വിസ ലഭിക്കുന്നതുപോലും രണ്ടുതരം പാസ്‌പോര്‍ട് ഇല്ലാതാക്കുമെന്ന് അഭിഭാഷകര്‍ വിലയിരുത്തി.