മോഹന്‍ലാല്‍ വീണ്ടും സംഘ്പരിവാര്‍ പരിപാടിയില്‍; പങ്കെടുത്തത് ആര്‍എസ്എസ് ട്രസ്റ്റിന്റെ യോഗത്തില്‍

കൊച്ചി: സംഘപരിവാര്‍ പരിപാടിയില്‍ വീണ്ടും സാന്നിധ്യമറിയിച്ച് സൂപ്പര്‍ താരം മോഹന്‍ ലാല്‍.ആലുവയില്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിശ്വശാന്തി ട്രസ്റ്റിന്റെ യോഗത്തിലാണ് മോഹന്‍ലാല്‍ പങ്കെടുത്തത്. സംവിധായകന്‍ മേജര്‍ രവിക്കൊപ്പമാണ് മോഹന്‍ലാല്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയത്.

പ്രാന്തപ്രചാരക് ഹരികൃഷ്ണന്‍, സേവാ പ്രമുഖ് ജി. വിനോദ് തുടങ്ങിയവരും പരിപാടിയില്‍ സംബന്ധിച്ചിരുന്നു. ആര്‍എസ്എസ് നതാവ് ജെ. നന്ദകുമാറാണ് പരിപാടിയുടെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലിട്ടത്. മേജര്‍ രവി മോഹന്‍ലാലിനെ സംഘപരിപാര്‍ പാളയത്തിലേയ്ക്ക് എത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ശക്തി പകരുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍.

വരാനിരിക്കുന്ന ലോകസഭാ,നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖരെ സംഘപരിവാര്‍ പാളയത്തിലേയ്ക്ക് എത്തിക്കുന്നതിനായി ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് മോഹന്‍ലാലിന്റെ ആര്‍എസ്എസ് മീറ്റിംഗിലെ സാന്നിധ്യം കൂടുതല്‍ ചര്‍ച്ചയ്ക്ക് വഴിവെയ്ക്കുമെന്നുറപ്പാണ്. എന്നാല്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളോടും നരേന്ദ്ര മോഡിയോടുമുള്ള താത്പര്യമാണ് മോഹന്‍ലാലിനെ പരിപാടിയിലെത്തിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രാദേശിക മേഖലയിലെ ജനകീയരായിട്ടുള്ളവരും കലസാംസ്‌കാരികസാഹിത്യ മേഖലയിലുള്ളവരെയും ബിജെപിയോട് അടുപ്പിക്കാനും ലക്ഷ്യമിട്ട് വലിയ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ മോഹന്‍ ഭാഗവത് കേരളത്തിലെത്തുമ്‌ബോള്‍ കേരളത്തിലെ പ്രമുഖരായ വ്യക്തികളെ കാണുമെന്നും സചൂനയുണ്ട്.