കേന്ദ്രത്തിന് പണി കൊടുക്കുവാന്‍ ദക്ഷിണേന്ത്യ ഒന്നിക്കണമെന്ന് സിനിമാ നടന്‍ കമല്‍ ഹാസന്‍

തെലങ്കാന, ആന്ധ്രപ്രദേശ്, കേരളം, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ അവരുടെ ദ്രാവിഡ സ്വത്വം തിരിച്ചറിയണമെന്ന് തമിഴ് സിനിമാ താരം കമല്‍ ഹാസന്‍. രാജ്യത്തിന്റെ നികുതി വരുമാനത്തില്‍ ഏറ്റവും വലിയ സംഭാവന ചെയ്യുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. തമിഴ്‌നാട്ടില്‍ നിന്നുള്ള നികുതികള്‍ കേന്ദ്രം പിരിക്കുകയും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്നും ആരോപണം ഉന്നയിക്കുന്നവരുണ്ട്. എല്ലാവരെയും സഹായിക്കുന്ന മൂത്ത സഹോദരനെ പട്ടിണിക്കിടുകയാണ് ഇളയ സഹോദരന്‍മാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കേന്ദ്രത്തെ വിമര്‍ശിച്ചു. ഈ തിരിച്ചറിവിലൂടെ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന വിവേചനം ഇല്ലാതാക്കാന്‍ സാധിക്കും. എല്ലാവരും ഒരുമിച്ച് ശബ്ദിച്ചാല്‍ ഡല്‍ഹിയില്‍ പ്രതിഫലനമുണ്ടാകുമെന്നും കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടു.

നാനാത്വത്തില്‍ ഏകത്വമാണ് രാജ്യത്തിന് ആവശ്യം. നെഹ്‌റു ഉള്‍പ്പെടെയുള്ള മുന്‍ഗാമികള്‍ അതാണ് ഉയര്‍ത്തിപ്പിടിച്ചത്. ഒരു ഭാഗം മാത്രം വികസിച്ചാല്‍ പോര. പ്രാദേശിക വാദമോ വംശീയ വാദമോ അല്ല ഞാന്‍ പറയുന്നത്. ദ്രാവിഡന്‍മാര്‍ എന്നുദ്ദേശിക്കുന്നത് തമിഴ് സംസാരിക്കുന്നവരെ മാത്രമല്ല, മേഖലയിലെ മറ്റു ഭാഷ സംസാരിക്കുന്നവരൈ കൂടിയാണെന്നും കമല്‍ ഹാസന്‍ ലേഖനത്തില്‍ വിശദീകരിക്കുന്നു. തമിഴ് മാസികയില്‍ എഴുതിയ ലേഖനത്തിലാണ് കമല്‍ ഹാസന്‍ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ തുറന്നുപറഞ്ഞത്. ഫെബ്രുവരി 21ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് അദ്ദേഹം നിലപാടുകള്‍ വിശദീകരിച്ചത്. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ വസതിയില്‍ നിന്ന് തന്റെ രാഷ്ട്രീയ പര്യടനം തുടങ്ങുമെന്നും കമല്‍ ഹാസന്‍ പറഞ്ഞു.