ടെസ്റ്റ് പരമ്പര നേട്ടത്തിന് പിന്നാലെ ഇന്ത്യയെ വെല്ലുവിളിച്ച് ഡിവില്ലിയേഴ്‌സ്

ജൊഹാനസ്ബര്‍ഗ്:ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതോടെ,പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുന്‍പ് ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവിലിയേഴ്‌സ്. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് താനിപ്പോള്‍.അതുകൊണ്ടുതന്നെ ഇന്ത്യക്ക് മികച്ച വെല്ലുവിളിയുയര്‍ത്താന്‍ കഴിയുമെന്ന് ഡിവിലിയേഴ്‌സ് പറഞ്ഞു.അതെ സമയം ഇന്ത്യന്‍ ബൗളര്‍മാരെ അഭിനന്ദിക്കാനും ഡിവില്ലിയേഴ്‌സ് മറന്നില്ല. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ ടീം പ്രതീക്ഷിച്ചതിലും നന്നായി പന്തെറിഞ്ഞെന്നും ഡിവിലിയേഴ്‌സ് പറഞ്ഞു.

ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് മുന്‍പ് നടത്തിയ തയ്യാറെടുപ്പുകള്‍ ഫലം കണ്ടതില്‍ സന്തോഷമുണ്ട്. ജൊഹാനസ്ബര്‍ഗ് ടെസ്റ്റില്‍ കൂടുതല്‍ ബൗണ്‍സുള്ള പിച്ച് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡിവിലിയേഴ്‌സ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ഐ.പി.എല്‍ താരലേലത്തെ കുറിച്ച് അടുത്തയാഴ്ച ബംഗ്ലൂര്‍ ക്യാപ്റ്റന്‍ കൂടിയായ വിരാട് കോലിയുമായി ചര്‍ച്ച നടത്തുമെന്നും ഡിവിലിയേഴ്‌സ് പറഞ്ഞു.ഇന്ത്യക്കെതിരായ ആദ്യ 2 ടെസ്റ്റില്‍ 200 റണ്‍സ് നേടിയ ഡിവിലിയേഴ്‌സ് ദക്ഷിണാഫ്രിക്കയുടെ പരന്പരനേട്ടത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.