പാസ്‌പോര്‍ട്ട് നിറം മാറ്റം: സ്വിസ്സിലെ സോഷ്യല്‍ മീഡിയ ഗ്രൂപ്പ് ഹലോ ഫ്രണ്ട്സിന്റെ പ്രചാരണം പുരോഗമിക്കുന്നു; ഒപ്പ് ശേഖരണവും വേഗതയില്‍

സൂറിച്ച്: സമൂഹത്തിന്റെ സ്വരമാകാന്‍ ഒറ്റകെട്ടായി പ്രവര്‍ത്തിക്കുന്ന സ്വിറ്റ്സര്‍ലന്‍ഡിലെ സോഷ്യല്‍ മീഡിയ ഗ്രൂപ്പായ ഹലോ ഫ്രണ്ട്സ് മറ്റൊരു ബഹുജന മുന്നേറ്റ പരിപാടിയുമായി രംഗത്ത്. പാസ്‌പോര്‍ട്ട് നിറമാറ്റത്തില്‍ ജെയിംസ് തെക്കേമുറി എഴുതിയ ലേഖനത്തിന്റെ ചുവടുപിടിച്ചു ഗ്രൂപ് ഒപ്പ് ശേഖരണം നടത്തുകയാണ് ഇപ്പോള്‍.

തുടര്‍ന്ന് മറ്റു സാംസ്‌കാരിക സംഘടനകളുടെയും താല്‍പര്യത്തോടെ അഗസ്റ്റിന്‍ പാറാണി തയ്യാറാക്കിയ മെമ്മോറാന്‍ഡം കഴിഞ്ഞ ദിവസം ഇന്‍ഡ്യന്‍ അംബാസഡര്‍ മുഖേന സ്വിസ്സില്‍ എത്തിയ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് നല്‍കി. അതേസമയം പ്രവാസിഭാരതീയരുടെ ഇടയില്‍ വിവേചനം സൃഷ്ടിക്കുന്ന നിറംമാറ്റത്തിനെതിരെ ഹലോ ഫ്രണ്ട്സ് ആഗോള തലത്തില്‍ പരാതി സ്വീകരിച്ചു രാജ്യത്തിനു നല്‍കാനും ശ്രമിക്കുകയാണ്.

സ്വിസ്സിലെ മലയാളി സമൂഹത്തിന്റെ പിന്തുണയോടെ ഒരുക്കിയിരിക്കുന്ന ഓണ്‍ലൈന്‍ പരാതി ഫോമില്‍ ഒപ്പ് നല്‍കി വിഷയത്തില്‍ പ്രതികരിക്കണമെന്ന് ഹലോ ഫ്രണ്ട്സ് പ്രവാസി മലയാളികളെ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ നിറംമാറ്റത്തിനെതിരെ പ്രവാസി ലോകത്തിന് പ്രതികരിക്കാനുള്ള വെബ്‌സൈറ്റ് ലിങ്ക് ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.