ഹാദിയ വിവാഹം കഴിച്ചത് സ്വന്തം ഇഷ്ടപ്രകാരം; ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി:വൈക്കം സ്വദേശി ഹാദിയയും കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹത്തില്‍ ഇടപെടാനാകില്ലെന്നു സുപ്രീം കോടതി.സ്വന്തം ഇഷ്ടപ്രകാരമാണു വിവാഹം കഴിച്ചതെന്നു ഹാദിയ വ്യക്തമാക്കിയിട്ടുണ്ട്.അതിനാല്‍ വിവാഹം നിയമവിരുദ്ധമായ നടപടിയല്ല.അക്കാരണത്താല്‍ ഹാദിയയുടെ വിവാഹത്തില്‍ എന്‍ഐഎയ്ക്ക് ഇടപെടാനാകില്ല.ഷെഫിന്‍ ജഹാനു ഭീകര ബന്ധമുണ്ടോ എന്നാണു എന്‍ഐഎ അന്വേഷിക്കുന്നത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് പരിഗണിച്ചു വിവാഹം റദ്ദാക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

നേരത്തേ, ഹൈക്കോടതി ഇവരുടെ വിവാഹം റദ്ദാക്കിയിരുന്നു.നടപടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചെങ്കിലും ഹൈക്കോടതിയുടെ ഈ നടപടി റദ്ദാക്കാന്‍ സുപ്രീം കോടതി തയാറായിട്ടില്ല.കൂടാതെ വിവാഹത്തിന്റെ കാര്യത്തില്‍ നിലപാട് എഴുതി നല്‍കാനും കോടതി ഹാദിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 22-നാണു കേസ് കോടതി വീണ്ടും പരിഗണിക്കും.അതിനുമുന്‍പ് തന്നെ ഹാദിയ നിലാപാട് കോടതിയെ അറിയിക്കണമെന്നാണ് ആവശ്യം.കേസില്‍ ഹാദിയയെ കക്ഷി ചേര്‍ത്തിട്ടുമുണ്ട്.

കഴിഞ്ഞ നവംബര്‍ 27നാണു സുപ്രീംകോടതി ഹാദിയയെ തുടര്‍പഠനത്തിനു കോയമ്പത്തൂരിലേക്ക് അയച്ചത്. സേലത്തെ ശിവരാജ് ഹോമിയോപതി മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ഹാദിയയ്ക്കു ഹോസ്റ്റല്‍ സൗകര്യവും സുരക്ഷയും കോടതി ഏര്‍പ്പെടുത്തി. ദേശീയ ശ്രദ്ധ ആകര്‍ഷിച്ച കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു പരിഗണിച്ചത്. ഹാദിയയുമായുളള വിവാഹം റദ്ദുചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയാണു കോടതിയുടെ മുന്നിലുളളത്.

ഷെഫിന്‍ ജഹാനു ഭീകരബന്ധമുണ്ടെന്നാണു ഹാദിയയുടെ അച്ഛന്‍ അശോകന്റെ ആരോപണം. എന്നാല്‍, ഷെഫിന്‍ ജഹാനൊപ്പം പോകണമെന്നാണ് ഹാദിയയുടെ നിലപാട്.