ഐഎസ്എല്‍ ആവേശം:ഒന്നാം സ്ഥാനത്തെത്താന്‍ ബെംഗളുരുവും,ആദ്യ നാലിലിടം നേടാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഇന്ന് നേര്‍ക്ക് നേര്‍

ഐഎസ്എല്ലില്‍ ഇന്നത്തെ മത്സരത്തില്‍ പുതിയ പരിശീലകന് കീഴില്‍ മിന്നിക്കളിക്കുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഒന്നാം സ്ഥാനം ലക്ഷ്യമാക്കി ഇറങ്ങുന്ന ബെംഗളൂരു എഫ്.സിയെ നേരിടും. ബെംഗളൂരു എഫ്.സിയുടെ ഹോം ഗ്രൗണ്ടായ ശ്രീ കണ്ടീരവ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. എ.എഫ്.സി കപ്പ് മത്സരത്തില്‍ ഭൂട്ടാന്‍ ക്ലബായ ട്രാന്‍സ്പോര്‍ട് യൂണൈറ്റഡിനെതിരെ സമനില വഴങ്ങിയതിനു പിന്നാലെയാണ് ബെംഗളൂരു ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്.

കഴിഞ്ഞ ഐ.എസ്.എല്‍ മത്സരത്തില്‍ മുംബൈ സിറ്റിക്കെതിരെ നേടിയ ഉജ്ജ്വല ജയത്തിന്റെ പിന്‍ബലത്തിലാണ് ബെംഗളൂരു നോര്‍ത്ത് ഈസ്റ്റിനെ നേരിടാനിറങ്ങുന്നത്. 3-1നാണ് ബെംഗളൂരു മുംബൈ സിറ്റിയെ തുരത്തി വിട്ടത്. നോര്‍ത്ത് ഈസ്റ്റ് ആവട്ടെ കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ രണ്ടും ജയിച്ചാണ് ബെംഗളുരുവിനെ നേരിടാനിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയെയാണ് നോര്‍ത്ത് ഈസ്റ്റ് 3-1നു തോല്‍പ്പിച്ചത്. നേരത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബെംഗളൂരു എഫ്.സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയിരുന്നു.

മികച്ച ഫോമിലുള്ള ആക്രമണ നിരയാണ് ബെംഗളൂരുവിന്റെ ശക്തി. ഉദാന്ത സിങ്ങും സുനില്‍ ഛേത്രിയും മിക്കുവും അടങ്ങിയ ആക്രമണ നിര മികച്ച ഫോമിലാണ്.11 മത്സരങ്ങളില്‍ നിന്ന് 9 ഗോളുകളുമായി മികുവും 7 ഗോളുകളുമായി ഛേത്രിയും ലീഗിലെ ഗോളടിക്കാരുടെ പട്ടികയില്‍ മുന്‍പിലുണ്ട്. അവ്‌റാം ഗ്രാന്റിന് കീഴില്‍ പുതിയ പ്രതീക്ഷകളുമായി ഇറങ്ങുന്ന നോര്‍ത്ത് ഈസ്റ്റ് പോയിന്റ് ടേബിളില്‍ ആദ്യ നാലിലെത്താനുള്ള ശ്രമത്തിലാണ്. മികച്ച ഫോമിലുള്ള മുന്നേറ്റ താരം സിമെന്‍ലെന്‍ ഡൗണ്‍ങ്കല്‍ കഴിഞ്ഞ 4 മത്സരങ്ങളില്‍ നിന്ന് നാല് ഗോളും നേടിയിട്ടുണ്ട്.

11 കളികളില്‍ നിന്ന് 22 പോയിന്റുമായി ബെംഗളൂരു എഫ്.സി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. 10 കളികളില്‍ നിന്ന് 10 പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഗില്‍ ഒന്‍പതാം സ്ഥാനത്താണ്.